Wednesday, September 2

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു ; ഇന്നലെ മാത്രം 111 പേര്‍ക്ക് രോഗബാധ, ഒരു മരണവും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക.

സെപ്റ്റംബറില്‍ അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍. വണ്‍ ആണ് ഇപ്പോള്‍ വ്യാപിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകള്‍ രാജ്യത്ത് 1828 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 1634 കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തില്‍ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതില്‍ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയില്‍ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.