Thursday, September 3

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞു ; പത്താം ക്ലാസുകാരി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്റംഗ് നഗര്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃപാന്‍ഷിയാണ് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച വൈകുന്നേരം കൃപാന്‍ഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് കൃപാന്‍ഷിയെ പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ലെന്നും മൊബൈല്‍ മാറ്റി വെച്ച് പഠിക്കാന്‍ നോക്കണമെന്നും ശാസിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ കുട്ടിയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാന്‍ഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.