Wednesday, September 2

പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോള്‍ കണ്ടത് ക്ഷേത്രത്തിന് തീപിടിക്കുന്നത് ; ഇത് മലപ്പുറത്തിന്റെ റിയല്‍ സ്റ്റോറി

മലപ്പുറം : മലപ്പുറത്തിന്റെ മതസാഹോദര്യം വിളിച്ചോതുന്ന സംഭവമാണ് തിരൂരില്‍ അരങ്ങേറിയത്. തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് അണച്ചത് മൂന്ന് മുസ്ലിം യുവാക്കളാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോഴാണ് തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് മുഹമ്മദ് നൌഫലും മുഹമ്മദ് ബാസിലും റസലും കണ്ടത്. ഉടനെ അമ്പലത്തിലേക്ക് കയറാന്‍ പറ്റുമോ, പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.

അതേസമയം കുറേപ്പേര്‍ ബൈക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും ഈ യുവാക്കളാണ് ഞങ്ങളെന്താ ചെയ്യേണ്ടത് എന്ന് ചോദിച്ച് മുന്നോട്ടു വന്നതെന്നും പൂജാരി പറഞ്ഞു.