Wednesday, September 2

മദ്യലഹരിയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു ; വൈദ്യപരിശോധനക്ക് തയ്യാറാകാതെ താരം

തിരുവനന്തപുരം : മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു സന്തോഷ്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. ബൈജു ഓടിച്ച കാര്‍, സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലുമാണ് ഇടിച്ചത്. നടനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയില്‍ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്.