Monday, August 31

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ത്രീധനം കുറഞ്ഞ് പോയെന്ന് ഉപദ്രവം, കുട്ടിയായപ്പോള്‍ അപമാനിക്കലും ; ഒടുവില്‍ മൊബൈല്‍ ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് യുവതി ; കേസെടുത്ത് പൊലീസ്

മലപ്പുറം : ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതിയുമായി യുവതി രംഗത്ത്. മലപ്പുറം നടുവട്ടം സ്വദേശിയായി 21 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ ഭാര്യ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറഞ്ഞ് പോയി എന്നടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് ഷാഹുല്‍ ഹമീദിനെതിരെ കേസെടുത്തു.

മൂന്ന് വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറവാണെന്നതടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികയുമായ ഉപദ്രവം തുടങ്ങി. കുട്ടിയായതോടെ അപമാനിക്കലും തുടങ്ങി. വിദേശത്തു ജോലിയിലിരിക്കെ മൊബൈല്‍ഫോണിലും അപമാനവും അവഹേളനവും തുടര്‍ന്നു. നാട്ടിലെത്തിയ ശേഷം മദ്യപിച്ചെത്തി ഉപദ്രവം തുടങ്ങി. മിണ്ടാതിരിക്കുമ്പോള്‍ എന്താണ് സംസാരിക്കാത്തത് എന്ന് പറഞ്ഞ് ഉപദ്രവിക്കും. കട്ടിലില്‍ നിന്നും താഴേക്ക് വലിച്ചിടുകയും കഴുത്തില്‍ പിടിച്ച് ചുമരിലേക്ക് അമര്‍ത്തുകയും ചെയ്യുമെന്ന് യുവതി പറഞ്ഞു. ശാരീരിക ഉപദ്രവം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിവര്‍ത്തിയില്ലാതെ സ്വന്തം വീട്ടിലേക്ക് വരേണ്ടി വന്നു. പിന്നാലെ ഫോണ്‍വിളിച്ച് കുഞ്ഞ് തന്റേതല്ലെന്നും എനിക്ക് ഇനി നിന്നെ വേണ്ടെന്നും തലാക്ക് ചൊല്ലിയെന്ന് ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് പറഞ്ഞെന്നാണ് യുവതിയുടെ പരാതി.

അതേസമയം തന്നോട് ആലോചിക്കാതെ വീടുവിട്ടുപോയതിലെ അമര്‍ഷം കാരണം ഇനി വേണ്ടെന്ന് പറഞ്ഞതല്ലാതെ ഫോണിലൂടെ തലാക്ക് ചൊല്ലിയിട്ടില്ലെന്നാണ് ഷാഹുല്‍ ഹമീദിന്റെ വിശദീകരണം.

യുവതിയുടെ പരാതിയില്‍ നിയമ വിരുദ്ധമായി തലാക്ക് ചൊല്ലിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കബളിപ്പിച്ച് കൈക്കലാക്കിയതിനും ഷാഹുല്‍ ഹമീദിനെതിരെ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.