Thursday, September 3

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി യുവതിക്ക് നേരെ ജാതി അധിക്ഷേപവും അശ്ലീല പരാമര്‍ശവും ; തഹസില്‍ദാര്‍ അറസ്റ്റില്‍, ഓഫീസിലെത്തിയത് മദ്യപിച്ച്

കാസര്‍കോട്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (എ), ഐടി ആക്ട് 67 (എ) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. വെള്ളരിക്കുണ്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പവിത്രന്‍ ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു.

പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അശ്ലീല കമന്റുകള്‍ ഇട്ടത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. ഇത് വാര്‍ത്ത ആയതോടെ ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പവിത്രന്‍ സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്നും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതും നടപടി നേരിട്ടതും. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. വീണ്ടും സസ്‌പെന്‍ഷനില്‍ ആയതോടെ ഇയാളെ സര്‍വീസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹം നേരത്തേയും നിരവധിതവണ ജാതീയ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പരാതി.