Wednesday, September 2

വെന്നിയൂർ ജിഎംയുപി സ്കൂളിന് പി ടി എ വക സ്വന്തം മിനി വാൻ

വെന്നിയൂർ :സ്കൂളിന് എംഎല്‍എ, എംപി പൊതുഫണ്ടിൽ ബസ് കിട്ടുക പുതുമയല്ല. എന്നാൽ രക്ഷകർത്താക്കൾ കാശു മുടക്കി സ്കൂളിന് വാഹനം വാങ്ങിക്കൊടുത്താലോ? നാട്ടുകാർക്ക് സ്കൂളിനോടുള്ള ഹൃദയബന്ധത്തിന്റെ ഉറച്ച അടയാളമാകും അത് . പരപ്പനങ്ങാടി ഉപജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലുള്ള വെന്നിയൂർ ജിഎംയുപി സ്കൂളിലാണ്, രക്ഷകർത്താക്കൾ പണം സ്വരൂപിച്ച് വാഹനം വാങ്ങിക്കൊടുത്ത്, വിദ്യാലയത്തിൽ ജന ബന്ധത്തിന്റെ വേറിട്ടൊരു മാതൃക തീർത്തിരിക്കുന്നത്. ഈ വർഷം ഒന്നാം ക്ലാസ് അഡ്മിഷനിൽ വൻ വർധനവ് ഉണ്ടായി സംസ്ഥാന തലത്തിൽ തന്നെ ഒന്നാമതായ ഗവൺമെൻ്റ് സ്കൂൾ ആയതിനാലും നിലവിൽ സ്കൂളിലെ വാഹനത്തിലുള്ള സ്ഥല പരിമിതിയും ദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളുടെ വരവും കൂടി കണക്കിലെടുത്താണ് പുതിയ വാഹനം വാങ്ങാൻ പി ടി എ കമ്മിറ്റിയെ പ്രേരിപ്പിച്ചത് .

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കുട്ടികളുടെ എണ്ണം 2000 കടക്കുന്നത്. സ്കൂളിന് നിലവിൽ എംഎല്‍എ ഫണ്ടിൽ നിന്നും ലഭിച്ച ഒരു ബസ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം മറ്റൊരു സ്കൂളിന് എംഎല്‍എ ഫണ്ട് വഴി ലഭിച്ച ബസ് ട്രാൻസ്ഫറിലൂടെ കിട്ടി. മിനി വാൻ കൂടി വാങ്ങിയപ്പോൾ മൂന്ന് വാഹനങ്ങൾ സ്കൂളിന് സ്വന്തമായി എന്നത് കുട്ടികൾക്ക് യാത്രക്ക് ഏറെ ആശ്വാസകരമാകും. വീതി കുറഞ്ഞ റോഡിലൂടെ പോകാനുള്ള സൗകര്യം നോക്കിയാണ് മിനി വാഹനം തന്നെ തിരഞ്ഞെടുത്തത്. സ്കൂളിന്റെ എല്ലാ തലത്തിലുമുള്ള പ്രവർത്തനങ്ങളിൽ നിസ്സീമമായ സഹകരണമാണ് പി ടി എ നൽകുന്നതെന്നും ഈ വർഷം വിദ്യാർഥി പ്രവേശനത്തിലുണ്ടായ അഭൂതമായ വർദ്ധനവിന്റെ സന്തോഷപ്പാരിതോഷികമാണ് പി ടി എ വക ലഭിച്ച ഈ വാഹനമെന്നും ഹെഡ്മാസ്റ്റർ ഐ സലീം പറഞ്ഞു .

‎‎

കുട്ടികളുടെ ആധിക്യം കാരണം ക്ലാസ് മുറികളുടെ പരിമിതി വന്നപ്പോൾ നാലു ക്ലാസ് മുറികളുള്ള കെട്ടിടം വലിയ തുക ചെലവാക്കി നിർമിച്ചു നൽകിയ ശേഷമാണു സ്കൂൾ വാഹനം പോലുള്ള വലിയൊരു സംരംഭം വാങ്ങി നൽകി പി ടി എ മികവ് തെളിയിച്ചിരിക്കുന്നത്. ‎ ഇതു കൂടാതെ കിച്ചൺ മുഴുവൻ ടൈൽ പാകൽ ,പുതിയ മൂന്ന് വാഷ് ബേസിനുകളുടെ നിർമാണം ,സ്കൂൾ ഗേറ്റ് കമാനം നിർമാണം ,സ്കൂൾ പെയിന്റിംഗ് പുതിയ ഗ്രൗണ്ട് നിർമാണം തുടങ്ങിയവയൊക്കെ പി ടി എ യുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.ഒട്ടനവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കമ്മിറ്റിക്ക് സാധിച്ചു എന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പി ടി എ പ്രസിഡന്റ്‌ അസീസ് കാരാട്ടും smc ചെയർമാൻപി അബ്ദുൽ മജീദും അഭിപ്രായപ്പെട്ടു.‎