Wednesday, September 2

ഭാരതാംബ വിവാദം ; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത സെനറ്റ്ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ച് നടന്ന പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ റജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ നടപടിക്ക് ആധാരം. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സര്‍വകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളില്‍ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.