
*അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഉപ്പുക്കോടൻ ഹംസയുടെ ഭാര്യ ബുഷ്റ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ അഗളി പരപ്പന്തറയിൽ ഭവാനി പുഴയോരത്തായിരുന്നു കാട്ടാനയുടെ ആക്രമണം. കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 ഓളം പേരുമായി അട്ടപ്പാടിയിൽ എത്തിയതായിരുന്നു ഇവർ. പുഴയുടെ പരിസരത്ത് നിൽക്കുമ്പോൾ ആന വരുന്ന കാര്യം
തേക്കുവട്ട ഭാഗത്തുനിന്നും വനപാലകർ വിളിച്ചറിയിച്ചിട്ടും പുഴയിൽ നിന്നും മാറാൻ സഞ്ചാരികൾ ജാഗ്രത കാണിച്ചില്ല. നൂറോളം സഞ്ചാരികൾ പുഴയിൽ ഉണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ കാഴ്ചക്കാരിൽ ചിലർ ബഹളം വച്ചതും കൂകി വിളിച്ചതും ആനയെ പ്രകോപിപ്പിച്ചതായി ആർ ആർ ടി അംഗങ്ങൾ പറഞ്ഞു. പുഴയിലിറങ്ങിയ ആന ഓടിയെത്തിയതോടെ സഞ്ചാരികൾ ചിതറി ഓടി. മുന്നിൽ പെട്ട ബുഷ്‌റയെ കാട്ടാന തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പ്രദേശത്ത് കാട്ടാനകളെ കാണുന്നതുകൊണ്ട് വനം വകുപ്പ് നിരീക്ഷണത്തിൽ ആയിരുന്നു.
