Thursday, November 5

സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: ഇൻലൈൻ ഫ്രീസ്റ്റൈലിൽ 11 മെഡലുകളുമായി മൂന്നിയൂർ KLM അക്കാദമി


മലപ്പുറം : തിരുവനന്തപുരം തൃക്കണ്ണാപുരത്തെ പെന്റഗൺ റോളർ സ്പോർട്സ് ഹബ്ബിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഇൻലൈൻ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മലപ്പുറം ജില്ലയ്ക്ക് മിന്നും വിജയം. കെ.എൽ 10 എം (KL10M) സ്പോർട്സ് ടൂറിസം എൽ.എൽ.പിക്ക് കീഴിലുള്ള കെ.എൽ.എം (KLM) റോളർ സ്പോർട്സ് ക്ലബ്ബിലെ താരങ്ങൾ ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവുമടക്കം ആകെ 11 മെഡലുകൾ സ്വന്തമാക്കി.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഹൻഫിൽ കെ.പി സ്പീഡ് സ്ലാലോം വിഭാഗത്തിൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലപ്പുറത്തിന് ഇരട്ടി മധുരം സമ്മാനിച്ചു. 15–18 പ്രായപരിധിയിലെ ആൺകുട്ടികളിൽ സ്പീഡ് സ്ലാലോമിലും ക്ലാസിക് സ്ലാലോമിലും ഹൻഫിൽ വെങ്കല മെഡലുകൾ കരസ്ഥമാക്കിയിരുന്നു.
ക്ലാസിക് സ്ലാലോം 8–10 വയസ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ സയ്യിദത്ത് ഫാത്തിമ ഫൈസയും, ഇതേ പ്രായപരിധിയിലെ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹാമിലും സ്വർണ്ണ മെഡൽ നേടി. ക്ലാസിക് സ്ലാലോമിലെ സ്വർണ്ണത്തിന് പുറമെ സ്പീഡ് സ്ലാലോമിൽ വെള്ളി മെഡലും കരസ്ഥമാക്കി ഹാമിൽ ഇരട്ട നേട്ടം സ്വന്തമാക്കി. 8–10 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇഷ സറൂർ സ്പീഡ് സ്ലാലോമിൽ വെള്ളിയും ക്ലാസിക് സ്ലാലോമിൽ വെങ്കലവും നേടി.


വിജയികൾ:

  • സ്വർണ്ണം: സയ്യിദത്ത് ഫാത്തിമ ഫൈസ (ക്ലാസിക് സ്ലാലോം, 8–10 Girls), ഹാമിൽ (ക്ലാസിക് സ്ലാലോം, 8–10 Boys)
  • വെള്ളി: ഹാമിൽ (സ്പീഡ് സ്ലാലോം, 8–10 Boys), ഇഷ സറൂർ (സ്പീഡ് സ്ലാലോം, 8–10 Girls)
  • വെങ്കലം: സലിം (സ്പീഡ് സ്ലാലോം, 8–10 Boys), ഹിലാൽ (ക്ലാസിക് സ്ലാലോം, 8–10 Boys), ഇഷ സറൂർ (ക്ലാസിക് സ്ലാലോം, 8–10 Girls), ഷെസ ഫാത്തിമ (ക്ലാസിക് സ്ലാലോം, 10–12 Girls), ഐസ ഫെലിൻ (ക്ലാസിക് സ്ലാലോം, 12–15 Girls), മുഹമ്മദ് ഹൻഫിൽ കെ.പി (സ്പീഡ് സ്ലാലോം & ക്ലാസിക് സ്ലാലോം, 15–18 Boys)
    ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ കായികതാരങ്ങളെയും ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ മുഹമ്മദ് ഹൻഫിലിനെയും പരിശീലകരെയും കെ.എൽ 10 എം സ്പോർട്സ് ടൂറിസം, കെ.എൽ.എം റോളർ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളും ജില്ലാ അസോസിയേഷനും അഭിനന്ദിച്ചു.