Sunday, September 27

മലപ്പുറത്തിന് സമഗ്ര വികസന പാക്കേജ് നടപ്പാക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി


കെ.എസ്.ആർ.ടി.സി പുതിയ എട്ട് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു

ജനകീയ പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ജില്ലയുടെ സമഗ്ര വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച എട്ട് ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
​വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയായി മുന്നേറിയെങ്കിലും, വരുംതലമുറയ്ക്ക് തൊഴിലും ഉപജീവന അവസരങ്ങളും ഉറപ്പാക്കാൻ കൂടുതൽ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപങ്ങൾ ഉൾപ്പെടെ പരമാവധി പ്രയോജനപ്പെടുത്തി എല്ലാ രംഗങ്ങളിലും വികസന മുന്നേറ്റം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രകൾ പോലുള്ള ജനക്ഷേമ സേവനങ്ങൾക്കൊപ്പം മികച്ച പ്രവർത്തന മാതൃക സൃഷ്ടിച്ച് മുന്നോട്ടുപോകാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിന്റെ വികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന റോഡുകളുടെ നവീകരണവും വികസനവും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര പാക്കേജ് നടപ്പാക്കുമ്പോൾ നഗരത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തേക്കുള്ള എയർകണ്ടീഷൻഡ് (എ.സി) സർവീസ് ഉൾപ്പെടെ ദീർഘദൂര റൂട്ടുകളിലേക്ക് കൂടുതൽ അത്യാധുനിക ബസുകൾ മലപ്പുറത്തിന് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ, വൈസ് ചെയർപേഴ്സൺ ജിതേഷ് ജി അനിൽ, വാർഡ് കൗൺസിലർ നജ്മ ഷബീർ, കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ഡോ: പ്രമോദ് ശങ്കർ, അസി. ട്രാൻസ്പോർട്ട് ഓഫീസർ അനസ്, കെ എസ് ആർ ടി സി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

​പുതിയ സർവീസുകൾ:

​1. മലപ്പുറം – ബാംഗ്ലൂർ (പാലക്കാട് – കോയമ്പത്തൂർ -ഹുസൂർ വഴി )- സൂപ്പർ ഡീലക്സ്

  1. മലപ്പുറം – നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ- കുറ്റിപ്പുറം – തൃശൂർ വഴി )- എസി ബസ്
  2. മലപ്പുറം – നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ – തൃശ്ശൂർ – അങ്കമാലി വഴി )
  3. മലപ്പുറം – കാളികാവ്

(മഞ്ചേരി – തിരുവാലി – വണ്ടൂർ- കാളികാവ് )
(ആനക്കയം – പന്തല്ലൂർ – പാണ്ടിക്കാട് )- ഓർഡിനറി

  1. മലപ്പുറം – കാലികറ്റ് യൂണിവേഴ്സിറ്റി – ഓർഡിനറി
  2. മഞ്ചേരി – പരപ്പനങ്ങാടി (മലപ്പുറം -പാണക്കാട് – വേങ്ങര -ചെമ്മാട് വഴി )- ഓർഡിനറി
  3. മലപ്പുറം – കൊണ്ടോട്ടി -എടവണ്ണപ്പാറ – കോഴിക്കോട് (ഓർഡിനറി )
  4. മഞ്ചേരി – തിരൂർ (ഓർഡിനറി )

​ബംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ചയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് സർവീസുകൾ തിങ്കളാഴ്ചയും ആരംഭിക്കും.