Wednesday, October 7

തെന്നല ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകളിൽ ഇ ഡി റെയ്ഡ്

തിരൂരങ്ങാടി : സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. മലപ്പുറം
തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലാണ് റെയ്ഡ്. ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകളിലുമാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.. മലപ്പുറത്ത് തിരൂരങ്ങാടി തെന്നല ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. മുൻ ബാങ്ക് പ്രസിഡണ്ട് എം പി കുഞ്ഞിമൊയ്തീൻ, ഡയറക്ടർമാർ ആയിരുന്ന വി പി അലി, എൻ എം സൈതാലവി, മുൻ വനിതാ ഡയറക്ടർ സാജിദ, ജയൻ, ജീവനക്കാരൻ ആയിരുന്ന അഫ്സൽ അമീൻ എന്നിവരുടെ വീടുകളിൽ ആണ് പരിശോധന നടക്കുന്നത്. മുസ്ലിം ലീഗ് ഭരണസമിതി ആണ് ബാങ്ക് ഭരണം നടത്തിയിരുന്നത്. വ്യാജ വായ്പകൾ നൽകിയത് കാരണം ബാങ്ക് പ്രതിസന്ധിയിൽ ആണ്. നിക്ഷേപകർക്ക് അവരുടെ പണം പോലും ലഭിച്ചിട്ടില്ല. നിക്ഷേപകർ നിരവധി സമരങ്ങൾ നടത്തിയിരുന്നു. മുൻ ഭരണസമിതിയുടെ കാലത്ത് വ്യാജ മെമ്പർമാരുടെ പേരിൽ ലോണുകൾ അനുവദിച്ചത് അടക്കാത്തത് ആണ് ബാങ്ക് പൊളിയാൻ കാരണം. ഇന്ന് ആറ് മണിക്ക് ആണ് ഇഡി പരിശോധന തുടങ്ങിയത്.

തൃശൂരിലെ അഞ്ച് സ്ഥലങ്ങളിലും എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട നാല് കേന്ദ്രങ്ങളിലുമാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. വ്യാജ വായ്പകള്‍ വഴി അങ്കമാലി ബാങ്കില്‍ 121 കോടിയുടെ ക്രമക്കേട് നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
അങ്കമാലി അർബൻ സഹകരണ ബാങ്കിലെ മുൻ അക്കൗണ്ടന്റ് ഷിജുവിന്റെ വീട്ടിലാണ് റെയ്ഡ്. ഷിജുവിന്റെ നേതൃത്വത്തിലാണ് വ്യാജ ലോണുകള്‍ പസാക്കിയതെന്നാണ് ഇഡി നല്‍കുന്ന വിവരം. കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ബാങ്ക് മുൻ പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്