
ഉദ്ഘാടനം ആർഭാടത്തിൽ; തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഇന്റർനെറ്റും ഇൻവെർട്ടറുമില്ലെന്ന് പരാതി
ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഇന്റർനെറ്റിനെ ആശ്രയിക്കുന്നു; റവന്യൂ സേവനങ്ങൾ വൈകുന്നു — തഹസിൽദാർക്ക് പരാതിതിരൂരങ്ങാടി: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായി പരാതി. സ്ഥിരമായ ഇന്റർനെറ്റ് കണക്ഷനും വൈദ്യുതി തടസ്സപ്പെടുമ്പോൾ പ്രവർത്തനം തുടരുന്നതിനുള്ള ഇൻവെർട്ടർ സംവിധാനവും ഇല്ലാത്തത് ഓഫീസ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും, വിവരാവകാശ ആക്ടിവിസ്റ്റുമായി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി പി സുബൈർ, നിയാസ് അഞ്ചപ്പുര, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി.
വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുകയും പൊതുജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർഥ്യമാക്കിയത്.
എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ഉറപ്പാക്കിയിട്ടില്ലെന്നാണ് ഉയരുന്ന പരാതി. ഓഫീസിൽ സ്ഥിരമായ ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകളിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഔദ്യോഗിക ജോലികൾ നിർവഹിക്കുന്നത് ഇത് സേവനങ്ങൾ വൈകിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ഇതുമൂലം വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുകയും ജോലികൾ മന്ദഗതിയിലാകുകയും ചെയ്യുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി തഹസിൽദാരെ നേരിട്ട് ബോധിപ്പിച്ചു.
വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യത്തിൽ പ്രവർത്തനം തടസ്സമില്ലാതെ തുടരാൻ ആവശ്യമായ ഇൻവെർട്ടർ സംവിധാനവും ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നാണ് പരാതി. ആധുനിക സാങ്കേതിക സംവിധാനങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിൽ ഇന്റർനെറ്റും ബദൽ വൈദ്യുതി സംവിധാനവും ഉറപ്പാക്കാത്തത് സ്മാർട്ട് ഓഫീസിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
വിവിധ സർട്ടിഫിക്കറ്റുകൾക്കും ഭൂമിസംബന്ധമായ രേഖകൾക്കും മറ്റ് റവന്യൂ സേവനങ്ങൾക്കുമായി ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഉദ്യോഗസ്ഥരുടെ പ്രവർത്തനം മന്ദഗതിയിലാകുന്ന സാഹചര്യമുണ്ടെങ്കിൽ അതിന്റെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഓഫീസിൽത്തന്നെ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
ഓഫീസിൽ സ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക, വൈദ്യുതി തടസ്സങ്ങൾ മറികടക്കാൻ ഇൻവെർട്ടർ ഉൾപ്പെടെയുള്ള ബദൽ സംവിധാനം സ്ഥാപിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, നിലവിലെ സ്ഥിതി പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ആധുനിക കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടത്തുന്നതിൽ മാത്രം ഒതുങ്ങാതെ, പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയത്തിൽ റവന്യൂ അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.
