
വളാഞ്ചേരി : ദേശീയപാത 66-ലെ വളാഞ്ചേരി വട്ടപ്പാറ ആറുവരിപ്പാത വയഡക്റ്റിന് മുകളിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരണപ്പെട്ടു. കുറ്റിപ്പുറം പേരശന്നൂർ ആന്ധ്ര വളപ്പിൽ വീട്ടിൽ അബൂബക്കറിൻ്റെ മകൻ അഫ്സൽ (37), ഭാര്യ പി. സാബിറ (41) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ചു കിടപ്പിലായ ബന്ധുവിനെ സന്ദർശിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കുറ്റിപ്പുറം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറും ലോറിയും മുമ്പിലെ ലോറിയിലും ഇടിച്ചതോടെ സ്കൂട്ടർ രണ്ട് ലോറികൾക്കിടയിൽ പെടുകയായിരുന്നു.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഇരുവരെയും പുറത്തെടുക്കാൻ കഴിയാത്ത വിധം ലോറികൾക്കിടയിൽ കുടുങ്ങിക്കിടന്നു.
മരണപ്പെട്ട അഫ്സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
