മലപ്പുറം: നിലമ്പൂര്‍-മഞ്ചേരി ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമല്‍ കുമാര്‍ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശി കടേശ്ശേരില്‍ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
ഈ മാസം മൂന്നിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കില്‍ കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപയാണ് സിഫ്റ്റ് കാറിലും ബൈക്കിലുമായി പിന്‍തുടര്‍ന്ന സംഘം കവര്‍ന്നത്. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്ന പ്രതികള്‍ ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ചു. യുവാവിനെ കാറില്‍ വച്ച് മര്‍ദ്ദിച്ച ശേഷം മൊബൈലും പഴ്‌സും പിടിച്ചു വാങ്ങി മമ്പാട് മേപ്പാടത്ത് ഇറക്കിവിടുകയായിരുന്നു. എസ്‌ഐമാരായ വി.വിജയരാജന്‍, അബ്ദുള്‍ അസീസ്, എഎസ്‌ഐ സുഭാഷ്, സിപിഒ സതീഷ് കുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി.സുനില്‍, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.