കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര് കസ്റ്റഡിയില്‍. തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായിരിക്കുന്നത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രതികള്‍ ഒരു കുടുംബത്തിലുള്ളവരെന്നും സൂചന പുറത്തു വന്നിട്ടുള്ളത്. തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.
കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേര്‍ കസ്റ്റഡിയിലായത്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്.