
തിരൂരങ്ങാടി : ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ചു പൊലീസിൽ വിവരമറിയിച്ചതിൽ പ്രകോപിതരായി വീട്ടിൽക്കയറി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ നാലു പേർ അറസ്‌റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് അമീൻ, മമ്പുറം സ്വദേശി കോയിക്കൻ ഹമീദ്, മമ്പുറം ആസാദ് നഗർ സ്വദേശികളായ അരീക്കാട് മുഹമ്മദലി, മറ്റത്ത് അബ്ദുൽ അസീസ് എന്നിവരെയാണു സിഐ ബി.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പന്താരങ്ങാടി പള്ളിപ്പടിയിലെ പാണഞ്ചേരി അബ്ദുൽ അസീസി ന്റെ മകൻ അസീം ആസിഫിനെയാണു വീട്ടിൽക്കയറി ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച യാണ് സംഭവം. ലഹരി ഉപയോഗവും വിൽപനയും കുറിച്ച് ആസിഫും കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് ചോദിക്കാൻ വേണ്ടി അമീനും സുഹൃത്തുക്കളും വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി എന്നാണ് പരാതി.
കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്‌തു. തലപ്പാറയിൽ ലോഡ്‌ജിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. അമീൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്
അന്വേഷണ സംഘത്തിൽ എസ്ഐ കെ.കെ.ബിജു, സീനി യർ സിവിൽ പൊലീസ് ഓഫിസർ മാരായ മുരളി, യു.കെ.ഷൈജു, രാകേഷ്, ലക്ഷ്മണൻ, ഷജിൻ ഗോപിനാഥ്, താനൂർ ഡിവൈഎസ്‌പി യുടെ സ്ക്വാഡ് അംഗമായ സിവിൽ പൊലീസ് ഓഫിസർ എം.എം.ബിജോയ്, സിവിൽ പൊലീസ് ഓഫിസർ ജിതിൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് കോടതി മുൻപാകെ ഹാജരാക്കി.