കൊണ്ടോട്ടി :കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 3 കോടി വിലമതിക്കുന്ന 5.4 കിലോ സ്വര്‍ണവുമായി 6 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളിലും ചെക്ക് ഇന്‍ ബാഗേജിനുള്ളിലുമായാണ് ഇത്രയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ പറയരുകണ്ടിയില്‍ (40) നിന്നും 619 ഗ്രാം തൂക്കമുള്ള 02 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ദുബായില്‍ നിന്നും എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി കരുമ്പാറുകുഴിയില്‍ മുഹമ്മദ് മിദ്ലാജിനെ കസ്റ്റംസ് പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബെഡ്ഷീറ്റില്‍ ഒട്ടിച്ചിരുന്ന കടലാസ് ഷീറ്റുകളില്‍ നിന്നും 985 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്.
ദോഹയില്‍ നിന്ന് ഐഎക്സ് 374 നമ്പര്‍ വിമാനത്തില്‍ എത്തിയ കക്കട്ടില്‍ സ്വദേശി ലിഗേഷിനെ (40) വിമാനത്താവളത്തിന് പുറത്ത് വച്ച് ചില ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. സിഐഎസ്എഫും കേരള പൊലീസും ചേര്‍ന്ന് ശ്രമം പരാജയപ്പെടുത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം ഒളിപ്പിച്ചതായി സംശയിച്ച് ഇന്റലിജന്‍സ് ഓഫീസറുടെ സഹായത്തോടെ യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് മലാശയത്തിനുള്ളില്‍ ഒളിപ്പിച്ച 543 ഗ്രാം തൂക്കമുള്ള 2 സ്വര്‍ണ മിശ്രിതങ്ങള്‍ കണ്ടെടുത്തു.
മറ്റൊരു കേസില്‍ ദോഹയില്‍ നിന്ന് എത്തിയ കോഴിക്കോട് ചേളാര്‍ക്കാട് സ്വദേശി അസീസ് കൊല്ലന്റവിട (45) എന്ന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മലാശയത്തില്‍ ഒളിപ്പിച്ച നിലയില്‍ 970 ഗ്രാം തൂക്കമുള്ള 4 സ്വര്‍ണ്ണ ഗുളികകള്‍ കണ്ടെടുത്തു.
ജിദ്ദയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി സമീര്‍ (34) എന്നയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വിശദമായ പരിശോധനയില്‍ മലാശയത്തില്‍ ഒളിപ്പിച്ച 1277 ഗ്രാം സ്വര്‍ണം കണ്ടെത്തി. ജിദ്ദയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ സക്കീര്‍ (34) എന്നയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വിശദമായ പരിശോധനയില്‍ ഇയാളുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയില്‍ 1066 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.