കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ തെരുവുനായ ശല്യത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്‌കൂളുകള്‍ക്കും പതിനേഴ് അംഗനവാടികള്‍ക്കുമാണ് അവധി. കൂത്താളിയില്‍ തെരുവുനായ ശല്യത്തെ തുടര്‍ന്ന് കുട്ടികള്‍ക്കടക്കം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അക്രമണകാരികളായ നായകളെ പിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിര്‍ത്തിവച്ചു.
കഴിഞ്ഞ ദിവസം നാല് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇന്ന് രാവിലേയും ഒരാള്‍ക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞ ആഗസ്റ്റില്‍ തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചന്ദ്രിക എന്ന വീട്ടമ്മ മരിച്ചതും ഇതേ പ്രദേശത്തായിരുന്നു.