കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ, മലപ്പുറത്ത് ജൂലായ് 2 ന് പി എസ് എം ഒ യിൽ

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ

കാലിക്കറ്റ് സര്‍വകലാശാല ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നടന്ന ചടങ്ങിൽ 896 വിദ്യാർഥികളാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നനൻ, ഡോ. ടി. മുഹമ്മദ് സലിം, എ.കെ. അനുരാജ്, പി. മധു, സെനറ്റംഗം ഡോ. മനോജ് മാത്യൂസ്, ദേവഗിരി കോളേജ് മാനേജർ ഫാ. ബിജു കെ. ഐസക്, പ്രിൻസിപ്പൽ ഡോ. ബോബി ജോസ് തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കായി ജൂലൈ രണ്ടിന് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലാണ് സർട്ടിഫിക്കറ്റ് വിതരണം. 

ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റാത്തവർക്ക് അവസരം

കാലിക്കറ്റ് സര്‍വകലാശാല യഥാക്രമം ജൂൺ 25, 26, 28, 29 തീയതികളിൽ പാലക്കാട്, തൃശ്ശൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നടത്തിയ “ഗ്രാജുവേഷൻ സെറിമണി 2024” ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന, സർട്ടിഫിക്കറ്റിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ജൂലൈ രണ്ടിന് മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കവുന്നതാണ്. പ്രസ്തുത വിദ്യാർഥികൾക്ക് കോളേജിൽ ഹാജരായി രാവിലെ 11 മണിക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഉച്ചക്ക് ശേഷം നടക്കുന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റാം. ഈ പരിപാടിയിലും പങ്കെടുത്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റുവാൻ സാധിക്കാത്തവർക്ക് തപാലിൽ അയച്ചു നൽകും.

error: Content is protected !!