എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. റിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയരായ റിയ പഠിച്ചിരുന്ന പെരളശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ ഷോജ, രാകേഷ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ചക്കരക്കല്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

റിയയുടെ ക്ലാസ് ടീച്ചറായിരുന്ന ഷോജ, കായികാധ്യാപകന്‍ രാകേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. റിയ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ് കുമാര്‍ സ്‌കൂളും വിദ്യാര്‍ഥിയുടെ വീടും സന്ദര്‍ശിക്കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപകന്‍, പിടിഎ പ്രസിഡന്റ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ചക്കരക്കല്‍ സിഐ, കുട്ടിയുടെ രക്ഷിതാക്കള്‍ എന്നിവരെ കണ്ട് അദ്ദേഹം വിവരങ്ങളും ശേഖരിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്താന്‍ തീരുമാനിച്ചത്.

error: Content is protected !!