Friday, September 4

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടി തിരിച്ചെത്തിയപ്പോള്‍ സ്വീകരിച്ചില്ല; കമ്പിപ്പാരകൊണ്ട് വീട് തകര്‍ത്ത് ഭാര്യ

രുവനന്തപുരം: ശ്രീകാര്യത്ത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയി തിരിച്ചെത്തിയപ്പോള്‍ വീണ്ടും സ്വീകരിക്കാത്തതിന് ഭാര്യ വീട്ടില്‍ ആക്രമണം അഴിച്ചുവിട്ടതായി പരാതി.
ഭർത്താവ് വീണ്ടും സ്വീകരിക്കാത്തതിന്റെ പേരില്‍ യുവതി വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് പരാതിയില്‍ ആരോപിക്കുന്നത്. പൗണ്ട്കടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടില്‍ മധുവിനും മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
ഇവർ കമ്പിപ്പാര ഉപയോഗിച്ച്‌ വീടിന്റെ വാതിലും ജനലുകളും തല്ലിത്തകർക്കുകയും അതിക്രമം കാണിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഗസ്റ്റ് 14ന് ആണ് സംഭവം. രാവിലെ 11 മണിയോടെയാണ് യുവതി വീട്ടില്‍ അതിക്രമം അഴിച്ചുവിട്ടത്. ഭർത്താവായ മധുവിനെയും മക്കളെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയതായിരുന്നു ഭാര്യ. പിന്നീട് മധുവിന്റെ വീട്ടില്‍ താമസിക്കാനായി അനുവാദവും ചോദിച്ചിരുന്നു. എന്നാല്‍ മധു ഇതിന് സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണമായത്.
ഇരുമ്പിന്റെ കമ്പി പാരയുമായി വീട്ടിലെത്തിയ ഇവർ മുറ്റത്ത് നില്‍ക്കുകയായിരുന്ന മധുവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് മധുവും മകനും വീട്ടില്‍ കയറി വാതില്‍ ‌അടച്ചതോടെ പ്രതിയായ ഭാര്യ കമ്പിപ്പാര ഉപയോഗിച്ച്‌ മുൻവശത്തെ ഹാളിന്റെ ജനലും ഗ്ലാസ്സുകളും തകർത്തു. തുടർന്ന് മുൻ വാതില്‍ അടിച്ചുപൊളിച്ച്‌ അകത്തു കയറിയും ഭീഷണി തുടരുകയായിരുന്നു. സംഭവത്തില്‍ ഭർത്താവായ മധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.