
വേങ്ങര: വേങ്ങര കെഎസ്ഇബി ഇലക്ട്രിക്കൽ ഡിവിഷനു കീഴിൽ അപകടസാധ്യത സൃഷ്ടിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന മൂന്ന് ട്രാൻസ്ഫോർമറുകൾക്ക് അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി (MAPS) ജില്ലാ ജനറൽ സെക്രട്ടറിയും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം. സുഭജയ്ക്ക് പരാതി നൽകിയത്.
റോഡിനോടും ജനവാസ കേന്ദ്രങ്ങളോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് വാഹനാപകടങ്ങൾക്കും വൈദ്യുതാപകടങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ട്രാൻസ്ഫോർമറുകളിലെ വൈദ്യുത ഉപകരണങ്ങളും കണക്ഷനുകളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന രീതിയിലുള്ളത്, സ്കൂൾ കുട്ടികൾ അടക്കം നടന്നു പോകുന്ന വഴിയിലുള്ള സുരക്ഷാ വേലി ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ ഗുരുതരമായ സുരക്ഷാ ആശങ്കയാണെന്നും പരാതിക്കാർ പറഞ്ഞു.
ഇതേ റോഡിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുമായി ബന്ധപ്പെട്ട് മുമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിട്ടും ആവശ്യമായ സുരക്ഷാ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അപകടം സംഭവിച്ച ശേഷം നടപടി സ്വീകരിക്കുന്നതിന് പകരം മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട വൈദ്യുതി വകുപ്പിന്റെ ഉത്തരവാദിത്വമാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. സുരക്ഷാ സംവിധാനങ്ങളുടെ അഭാവം മൂലം ഒരു അപകടമോ വൈദ്യുതാപകടമോ സംഭവിച്ചാൽ അത് പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കുമുള്ള ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമായി മാറാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
അപകടസാധ്യതയുള്ള മൂന്ന് ട്രാൻസ്ഫോർമറുകളും അടിയന്തരമായി പരിശോധിച്ച് ശക്തമായ സുരക്ഷാവേലി സ്ഥാപിക്കുകയും തുറന്ന നിലയിലുള്ള വൈദ്യുതി കണക്ഷനുകളും അനുബന്ധ സംവിധാനങ്ങളും സുരക്ഷിതമാക്കുകയും ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി വിഷയം അടിയന്തരമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
ഫോട്ടോ :- ഇല്ലിപ്പിലാക്കൽ ഇറക്കത്തിൽ സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്ഫോർമർ
