Thursday, October 22

വനിതാ ഡോക്ടർ ഉൾപ്പെടെ 2 യുവ ഡോക്ടർമാർ കഞ്ചാവുമായി പിടിയിൽ

കൊല്ലം: കോട്ടമുക്കിലെ ഹോട്ടല്‍ മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ യുവ ഡോക്ടർമാർ പിടിയില്‍.
തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച കേസില്‍ അജാസ് ഖാനെ റിമാൻഡ് ചെയ്തു.

ഇരുവരും കോട്ടമുക്കിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. അജാസ് ഖാൻ അലീനയെ ഉപദ്രവിക്കുന്നതായി ഹോട്ടല്‍ ജീവനക്കാർ പൊലീസിനെ അറിയിച്ചു. വിവരമന്വേഷിക്കാനെത്തിയ പൊലീസിനോട് അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് വിവരം.
തുടർന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് കൈവശംവച്ച കേസില്‍ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് അജാസ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നത് വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ എന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച അർധരാത്രി 12.20-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇതിനുപിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയായിരുന്നു.

മുറിയില്‍നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച്‌ കണ്‍ട്രോള്‍ റൂം പൊലീസ് സ്ഥലത്തെത്തി.മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാള്‍ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമാണുണ്ടായത്. തുടർന്ന് കൂടുതല്‍ പൊലീസുകാർ സ്ഥലത്തെത്തിയാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവും അത് ഉപയോഗിക്കാനുള്ള പ്രത്യേകതരം പേപ്പറും കണ്ടെത്തുകയുണ്ടായി.

എന്നാല്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു. അലീനയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു