Tuesday, October 27

ട്രെയിൻ യാത്രക്കിടെ പോലീസ് ചമഞ്ഞ് മൂന്നിയൂർ സ്വദേശിയിൽ നിന്നും 25000 റിയാൽ തട്ടിയെടുത്തതായി പരാതി

കാസർകോട് : പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ മൂന്നിയൂർ സ്വദേശിയെ ട്രെയിനില്‍ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി. തിരൂരങ്ങാടി മൂന്നിയൂർ പാറേക്കാവ് ശാന്തി നഗർ ഇല്ലിക്കോട്ടിൽ പിന്നിച്ചിപറമ്പ് ഉമർ ബാവ (43) യുടെ 25000 സൗദി റിയാലാണ് തട്ടിയെടുത്തത്.
വരാവല്‍ എക്സ്പ്രസില്‍ ഈ മാസം 20-ന് പുലർച്ചെ 3:15 ഓടെ ആണ് സംഭവം. നാലംഗ സംഘമാണ് പണം തട്ടിയെടുത്തതെന്ന് ഇയാൾ നൽകിയ പരാതിയിൽ പറയുന്നു. 19 ന് 11.45 ന് വരാവൽ എക്സ്പ്രസിൽ പരപ്പനങ്ങാടിയിൽ നിന്നും ഉഡുപ്പിയിലേക്ക് പുറപ്പെട്ടതായിരുന്നു. 20 ന് പുലർച്ചെ 3.45 ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നാലുപേർ ട്രെയിനിൽ നിന്നും കയ്യും കഴുത്തും അമർത്തി ബലമായി പിടിച്ചിറക്കി ഉമർ ബാവയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും 25000 റിയാൽ കൊള്ള ചെയ്തു എന്നാണ് പരാതി. കാസർകോട് റെയിൽവേ പൊലീസിൽ ഉമർ ബാവ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം തട്ടിയെടുത്തത് ഹവാല പണമെന്ന നിഗമനത്തലാണ് റെയില്‍വേ പോലീസ്. ഉമ്മർ ബാവ ഹവാല ഇടപാടിലെ ഇടനിലക്കാരൻ ആണെന്നാണ് പോലീസ് നിഗമനം. കാസർകോട് സ്വദേശിക്കായി കൊണ്ടുവന്ന സൗദി റിയാലാണ് മറ്റൊരു സംഘം തട്ടിയെടുത്തതെന്ന് കരുതുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരപ്പനങ്ങാടിയില്‍ നിന്നും കഴിഞ്ഞ 20 നാണ് ഉമ്മർ ട്രെയിൻ കയറിയത്. കർണാടകയിലെ ഉഡുപ്പിയിലേക്കാണ് ടിക്കറ്റ് എടുത്തത്. മുന്നില്‍ നിന്നും രണ്ടാമത്തെ ജനറല്‍ കോച്ചില്‍ ആണ് യാത്ര ആരംഭിച്ചത്. പുലർച്ചെ 3.15 നു വണ്ടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിലെ ഡാൻസാഫ് സംഘം എന്ന് പറഞ്ഞു പുറത്തേക്കു ഇറക്കുകയായിരുന്നു. പിന്നീട് കാട്ടില്‍ കൊണ്ടുപോയി കൈ പിന്നിലാക്കി. തുടർന്ന് ഉമ്മറിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന റിയാല്‍ കൈക്കലാക്കുകയായിരുന്നു. ഉടൻ തന്നെ സംഘം രക്ഷപ്പെട്ടു. സംശയം തോന്നിയ ഉമ്മർ റെയില്‍വേ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.