
തിരൂർ ജില്ലാ ആശുപത്രി കാഷ്വാലിറ്റി 24 മണിക്കൂറാക്കും; ആരോഗ്യമേഖലയിൽ സമഗ്ര പരിഷ്കരണമെന്ന് മന്ത്രി കെ. മുരളീധരൻ
സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളുടെ നിലവാരം സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിൽ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തിരൂർ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാക്കി മാറ്റുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തിരൂർ ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ച ആധുനിക അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനത്തിനു ശേഷം ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുനലൂരിന് ശേഷം 24 മണിക്കൂർ കാഷ്വാലിറ്റി സംവിധാനം നടപ്പാക്കുന്ന രണ്ടാമത്തെ ആശുപത്രിയായി തിരൂർ ജില്ലാ ആശുപത്രിയെ മാറ്റുമെന്നു മന്ത്രി പ്രഖ്യാപിച്ചു. ആശുപത്രിയിൽ രാപ്പകൽ സേവനം ഉറപ്പാക്കാൻ ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികകൾ സംബന്ധിച്ച ശുപാർശ അടിയന്തരമായി സർക്കാരിലേക്ക് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി വേദിയിൽ വെച്ച് നിർദേശം നൽകി. സാമ്പത്തിക പ്രതിസന്ധികൾ ആരോഗ്യമേഖലയിലെ വികസനത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും ആവശ്യമായ തസ്തികകൾ വേഗത്തിൽ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാൻ കെ.എം.എസ്.സി.എൽ വഴി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിദേശ കമ്പനികൾ അഞ്ചര ലക്ഷം രൂപ ഈടാക്കിയിരുന്ന സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗത്തിനുള്ള മരുന്ന് ഇന്ത്യൻ കമ്പനി വഴി 11,000 രൂപയ്ക്ക് ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു. നിലവിൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇത് സൗജന്യമായി നൽകുന്നുണ്ടെന്നും തുടർന്ന് ഈ രോഗം ബാധിച്ച മുഴുവൻ രോഗികൾക്കും സൗജന്യമായി മരുന്ന് നൽകാൻ സർക്കാർ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നിപ സ്ഥിരീകരിച്ച ഘട്ടത്തിൽ ഇന്ത്യയിലെങ്ങും ലഭ്യമല്ലാതിരുന്ന മരുന്ന് 48 മണിക്കൂറിനകം ബഹ്റൈനിൽ നിന്ന് വിമാനമാർഗ്ഗം എത്തിച്ച് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതും മന്ത്രി അനുസ്മരിച്ചു. സർക്കാർ ആശുപത്രികളിൽ അത്യാധുനിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ എം.ആർ.ഐ സ്കാൻ സൗകര്യം ഒരുക്കിയതായും തൃശൂർ മെഡിക്കൽ കോളേജിൽ ഉടൻ പെറ്റ് സ്കാൻ സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും വീടുകളിലെത്തി സൗജന്യ ആരോഗ്യ പരിശോധന നടത്തുന്ന സമഗ്ര പദ്ധതിയായ ‘ഹൃദയരാഗം’ പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ തുടങ്ങിയതായി മന്ത്രി അറിയിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഇടുക്കി, തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വി.എസ്. ജോയ് എം.എൽ.എ. വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. അസ്ലു, ഷാഹിന നിയാസി, തിരൂർ നഗരസഭ ചെയർമാൻ ഇബ്രാഹിം ഹാജി, വൈസ് ചെയർ പേഴ്സൺ സിന്ധു മോൾ മംഗലശ്ശേരി, സ്ഥിരം സമിതി അധ്യക്ഷരായ അൻവർ പാറയിൽ, യാസിർ പൊട്ടച്ചോല, ജില്ലാ പഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, എൻ.പി. ഷരീഫാബി, ഷാജി പാച്ചേരി, ഡോ. കെ.പി. വാഹിദ്, ഹനീഫ മൂന്നിയൂർ, സംഘാടക സമിതി കൺവീനർ അഡ്വ. നസറുള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വിനോദ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം. ജാനിഫ് എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സെജു ഫരീദ് നന്ദിയും പറഞ്ഞു.
