വനിതകള്‍ക്ക് മാത്രമായി ഗൃഹോപകരണങ്ങളുടെ റിപ്പയറിങ്, ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ് ജോലികളില്‍ വിദഗ്ധ പരിശീലനവും തുടര്‍ന്ന് തൊഴിലും നല്‍കുന്ന ‘പിങ്ക് ടെക്‌നീഷ്യന്‍’ എന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. സാങ്കേതിക വൈദഗ്ധ്യമുള്ള ടെക്‌നീഷ്യന്മാരെ ആവശ്യത്തിനു കിട്ടാത്ത സാഹചര്യത്തിലാണ് പരിഹാരമായി രാജ്യത്ത് ആദ്യമായി വനിതകള്‍ക്ക് മാത്രം ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ്, ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ് മേഖലകളില്‍ സാങ്കേതിക പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്ന ജനകീയ സ്ത്രീ ശാക്തീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. ജില്ലയില്‍ 1200 പിങ്ക് ടെക്‌നിഷ്യന്മാരെ വാര്‍ത്തെടുക്കാനാണ് പദ്ധതി.
പദ്ധതിയുടെ നടത്തിപ്പിന് ജില്ലാതല ഉപദേശക സമിതി, സാങ്കേതിക ഉപദേശക സമിതി, ബ്ലോക്ക് തല മോണിറ്ററിംഗ് സെല്‍ എന്നീ മൂന്ന് വിദഗ്ദ സമിതികള്‍ ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 40നും ഇടക്ക് പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, പ്ലസ്ടു (സയന്‍സ്) മുതലായവ കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ജില്ലയിലെ 15 ബ്ലോക്ക് തലങ്ങളിലും ഒരേ സമയം പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രങ്ങള്‍ ഉണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ പരിശീലന വിഭാഗമായ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നിലമ്പൂര്‍ കേന്ദ്രം 45 ദിവസത്തെ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യൂണിഫോമും ഓരോ ടീമിനും ടൂള്‍ കിറ്റും നല്‍കും. ഓരോ പഞ്ചായത്തിലും രണ്ട് പേരടങ്ങുന്ന 5 ടീമുകളാണ് ഉണ്ടായിരിക്കുക. രണ്ടു പേര്‍ അടങ്ങുന്ന ഒരു ടീം ആണ് ഓരോ ഗൃഹത്തിലും റിപ്പയറിങ് ജോലികള്‍ക്ക് പോകുന്നത്. ഓരോ ടീമിനും നല്‍കുന്ന ടൂള്‍കിറ്റില്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ ടീം അംഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുവദിക്കും. എല്ലാ വീട്ടിലും ഉള്ള പ്രധാനപ്പെട്ട ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ് വര്‍ക്കുകള്‍ പാഠ്യപദ്ധതിയില്‍ ഏറെ പ്രായോഗിക പരിശീലന രീതിയോടെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍വീസ് ചാര്‍ജുകള്‍ രസീത് നിര്‍ബന്ധമാക്കുകയും ഉപഭോക്താവിനും ന്യായമായ സേവനം നല്‍കി സമൂഹത്തില്‍ പിങ്ക് ടെക്‌നീഷ്യനെ കൂടുതല്‍ വ്യാപിപ്പിച്ച് വനിതകളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്ന പദ്ധതിയാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. ഉപഭോക്താക്കളുടെ സര്‍വീസ് ഡിമാന്‍ഡ് രേഖപ്പെടുത്തുവാനും അത് സമയബന്ധിതമായി സര്‍വീസ് അറ്റന്‍ഡ് ചെയ്യുവാനും തുടര്‍ന്നുവരുന്ന ഉപഭോക്തൃ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഒരു പിങ്ക് ടെക്‌നീഷ്യന്‍ മൊബൈല്‍ ആപ്പും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
ഒക്ടോബര്‍ 6 വരെയാണ് പരീശീലനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. അപേക്ഷാ ഫോറത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയോ ജില്ലാ പഞ്ചായത്ത് അംഗങ്ങളെയോ സമീപിക്കാം. അപേക്ഷ സമര്‍പ്പിച്ച വരെ ബ്ലോക്ക് തലത്തില്‍ ഇന്റര്‍വ്യൂ നടത്തിയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക.