
തൃപ്പൂണിത്തുറ: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. തൃപ്പൂണിത്തുറ വടക്കേകോട്ട താമരംകുളങ്ങര ശ്രീനന്ദനത്തിൽ മേഘന (25), മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിനു സമീപം തടിയകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരെയാണ് 1.40 ഗ്രാം എം.ഡി.എം.എ.യുമായി തൃപ്പൂണിത്തുറ ഹിൽപ്പാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മേഘനയും ഊബർ ടാക്സി ഓടിക്കുന്ന ഷാഹിദും ഒരുമിച്ച് ഒരു വർഷത്തിലധികമായി കാക്കനാട് ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ മേഘനയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് മയക്കുമരുന്ന് ആവശ്യക്കാർ എന്ന വ്യാജേന കെണിയൊരുക്കിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. തൃപ്പൂണിത്തുറ ചാത്താരി വൈമീതി ഭാഗത്തുനിന്നാണിവരെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നു മയക്കുമരുന്ന് കൊണ്ടുവന്ന് ഇവർ താമസിക്കുന്ന കാക്കനാട് കെന്നഡിമുക്കിലെ വീട്ടിലെത്തിച്ച് ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു വില്പന നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ.മാരായ വി.ആർ. രേഷ്മ, രാജൻ വി. പിള്ള, എം. ഷെമീർ, എ.എസ്.ഐ.മാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ. ശ്യാം ആർ. മേനോൻ, സി.പി.ഒ. ലിജിൻ എന്നിവരും അറസ്റ്റ് ചെയ്യാനുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു