ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.
വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ തവണ സംഖ്യ 3274 രൂപയാക്കി ഉയര്‍ത്തുകയും പ്രതിമാസ തവണകളുടെ എണ്ണം 301 ആക്കുകയും ചെയ്തതിനെ തുടര്‍ന്നു പരാതിക്കാരന്‍ ബാങ്കിനെ സമീപിച്ചെങ്കിലും തവണകളുടെ എണ്ണവും പ്രതിമാസ തവണ സംഖ്യയും വര്‍ധിപ്പിച്ചത് പരാതിക്കാരനെ സഹായിക്കാനാണെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഫ്‌ലോട്ടിങ് പലിശ നിരക്കിലാണ് വായ്പ എടുത്തതെങ്കിലും പലിശ വര്‍ധന അറിയിക്കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും അല്ലാതെയുള്ള നടപടി റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. പ്രതിമാസ അടവു സംഖ്യയില്‍ വര്‍ധന വരുത്തിയ ശേഷം പ്രതിമാസ തവണകളുടെ എണ്ണത്തില്‍ ഏകപക്ഷീയമായി വരുത്തിയ വര്‍ദ്ധന അനുചിതവ്യാപാര നടപടിയാണെന്നും കമ്മീഷന്‍ വിധിച്ചു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനു പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും കോടതി ചെലവായി പതിനായിരം രൂപയും നല്കുന്നതിന് ബാങ്കിനെതിരെ കമ്മീഷന്‍ ഉത്തരവിട്ടു. കരാര്‍ പ്രകാരമുള്ള 8 ശതമാനം പലിശ കണക്കാക്കി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് പരാതിക്കാരനോടും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!