മലപ്പുറം:കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാതെ മാർച്ച് മുതൽ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ഹജ്ജ് കായിക റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യയെയായിരുന്നു.ഈ സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് കൂടി നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എം.ഡി.എഫ്.ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് അംശാദായം അടക്കുന്നത് ഏതെങ്കിലും സാഹചര്യത്തിൽ മുടങ്ങിപോയാൽ അംശാദായത്തിന് പുറമെ ഭീമമായ സംഖ്യ പലിശയിനത്തിൽ ഈടാക്കുന്നത് പിൻവലിക്കണമെന്നും അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഒറ്റതവണ അടവിലൂടെ ക്ഷേമനിധിയിൽ അംഗത്വമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രവാസിക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും തിരുന്നാവായ -ഗുരുവായൂർ റെയിൽ പാത യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.ഡി.എഫ്.ഭാരവാഹികൾ മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
എം.ഡി.എഫ്.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് എസ്.എ.അബൂബക്കർ,ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ,നിസ്താർ ചെറുവണ്ണൂർ,ഫ്രീഡാപോൾ എന്നിവർ സംബന്ധിച്ചു.