ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പരസ്യം ; വിദേശ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ പിടിയില്‍

പരപ്പനങ്ങാടി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ന്യൂസിലാന്‍ഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ആയിട്ടുള്ള യുവാവില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ സ്‌കറിയയുടെ മകന്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന സയ്യിദലിയുടെ മകന്‍ മുഹമ്മദ് മുഹൈദ്ദീന്‍ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജേഷ് സ്‌കറിയയെ കാസര്‍കോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്.

ന്യൂസിലാന്‍ഡിലേക്ക് കൊണ്ടു പോകുന്നതിനായി ദുബായില്‍ വച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും ആ പരിശീലന കാലയളവില്‍ വരെ ശമ്പളം നല്‍കുമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ഈ വലയില്‍ കുരുക്കിയിട്ടുള്ളത്.

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നീവയില്‍ പരസ്യം നല്‍കിക്കൊണ്ട് കാസര്‍ഗോഡ് സ്വദേശി ആണ് ഇവരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത്. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം മറ്റൊരു പ്രതിയായ ചെന്നൈ സ്വദേശിയായ മുഹയുദ്ദീന്‍ എന്ന് പറയുന്ന ആളുടെ സ്ഥാപനത്തിലേക്ക് പരാതിക്കാരനെ ഇന്റര്‍വ്യൂ നടത്തുന്നതിനായി ചെന്നൈയിലേക്ക് വിളിപ്പിക്കുകയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്തിട്ടുള്ളതാണ്.

ഈ പ്രതികള്‍ തന്നെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലായി സമാനമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ പലതായി നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്, താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ അടിയന്തിരമായി പ്രതികളെ പിടികൂടുന്നതിനായി അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്,

പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ യുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, മുജീബ് റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും പലസ്ഥലങ്ങളില്‍ നിന്നായി ഇവര്‍ പണം കൈപ്പറ്റിയിട്ടുള്ളതായ വിവരം ലഭിച്ചിട്ടുള്ളതാണ്. ഈ കേസിലേക്ക് ഊര്‍ജ്ജസ്വലമായ നടപടികള്‍ തുടര്‍ന്നു വരുന്നതായി പോലീസ് അറിയിച്ചു

error: Content is protected !!