തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടി ; പ്രതി പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടിയപ്പോള്‍ പ്രതി പറഞ്ഞത് കേട്ട് അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. പിടിയില്‍ നിന്നും രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലിയാണ് പ്രതി ഓഫര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ തമിഴ്‌നാട് സ്വദേശിയായ തമിഴരശന്‍ (23) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്സ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നേരത്താണ് സംഭവം. പെണ്‍കുട്ടി നിലവിളിച്ചതോടെ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടെ ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എ എസ് ഐ പ്രമോദ്, കോണ്‍സ്റ്റബിള്‍മാരായ വി എന്‍ രവീന്ദ്രന്‍, ഇ സതീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടി.

പിടിയിലായ ഉടനെ തിരൂര്‍ ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറിനോട് പ്രതി പതിനായിരം രൂപ തരാം, എന്നെ വെറുതെ വിടാമോ സാറേ എന്ന് ചോദിച്ചു. പെട്ടന്നുള്ള ചോദ്യം കേട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ‘സാറ് റെഡിയാണെങ്കില്‍ പണം ഇവിടെ എത്തിക്കാമെന്നും’ യുവാവ് പറഞ്ഞു. ഇതുകേട്ട് പെട്ടന്ന് അമ്പരന്നുവെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

തമിഴരശന്‍ കുറച്ചുദിവസമായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ബസ് സ്റ്റാന്‍ഡിലും കറങ്ങി നടക്കുകയായിരുന്നു. മറ്റ് മോഷണക്കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!