സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം – മെഗാ പ്രദര്‍ശന വിപണന മേള’ മെയ് 4 മുതല്‍ 10 വരെ പൊന്നാനി എ.വി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കും. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറോളം സ്റ്റാളുകളും 100 ലധികം വിപണന സ്റ്റാളുകളും സജ്ജീകരിക്കും. ഏഴ് ദിവസങ്ങളിലും സെമിനാറുകള്‍, ചര്‍ച്ചാ വേദികള്‍, സാംസ്‌കാരിക- കലാ പരിപാടികള്‍ തുടങ്ങിയവയും നടക്കും. ആഘോഷ പരിപാടികളുടെ ആലോചനാ യോഗവും ജില്ലാതല സംഘാടക സമിതി രൂപീകരണവും കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്നു.
യുവതയുടെ കേരളം’ എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം ‘കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാറിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം കൈവരിച്ച മികവുകളും നേട്ടങ്ങളും പ്രദര്‍ശന വിപണന മേളയില്‍ അവതരിപ്പിക്കും.
സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശന സ്റ്റാളുകള്‍, വ്യവസായ വകുപ്പിന് കീഴിലെ സംരംഭക യൂണിറ്റുകള്‍, കുടുംബശ്രീ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനുളള ശില്പശാലകള്‍, ടെക്നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള, കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനം, ടൂറിസം പവലിയന്‍, കിഫ്ബി സ്റ്റാള്‍ എന്നിവ മേളയുടെ ആകര്‍ഷണമാകും. എല്ലാ ദിവസവും വൈകീട്ട് പ്രമുഖ കലാസംഘങ്ങളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതും ആകര്‍ഷണീയവുമായ രീതിയില്‍ മേള സംഘടിപ്പിക്കാന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ വകുപ്പ്ുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നൂതന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ഇത്തരം മേളകളെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യ രക്ഷാധികാരിയും പി. നന്ദകുമാര്‍ എം.എല്‍.എ ഉപ മുഖ്യരക്ഷാധികാരിയായും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായിരിക്കും. ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തില്‍ ഏകോപന സമിതിയും 10 സബ്കമ്മിറ്റികളും രൂപീകരിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, സബ്കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍ കുമാര്‍ യാദവ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.