മന്ത്രിസഭാ വാര്‍ഷികം: ജില്ലാതല ആഘോഷങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങി പൊന്നാനി

ഒരാഴ്ച നീളുന്ന സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വേദിയാകാന്‍ ഒരുങ്ങി പൊന്നാനി എ.വി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ സംഘാടക സമിതി യോഗം പുരോഗതി വിലയിരുത്തി.

പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 4 മുതല്‍ 10 വരെയായി നടക്കുന്ന എന്റെ കേരളം മെഗാ മേളയോടനുബന്ധിച്ച് ഒരുക്കേണ്ട പ്രദര്‍ശന – വിവണന സ്റ്റാളുകള്‍, ഭക്ഷ്യ മേള, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

‘യുവതയുടെ കേരളം’ എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം ‘കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും ഉണ്ടായിരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള 100 ലധികം സ്റ്റാളുകള്‍ മേളയോടനുബന്ധിച്ച് സജീകരിക്കും. 100 ലധികം വിപണന സ്റ്റാളുകളും ഉണ്ടാകും.

മേളയ്ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നത് കിഫ് ബി യുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ്. എഴ് ദിനരാത്രങ്ങളിലായി നടക്കുന്ന മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും.

യോഗത്തില്‍ പി. നന്ദകുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം എന്‍.എം മെഹറലി, സബ് കലക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍ കുമാര്‍ യാദവ്,

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ. സിന്ധു, സി. രാമകൃഷ്ണന്‍, വെളിയകോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേയില്‍, ത്രിതല പഞ്ചായത്ത് – നഗരസഭ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ട്രിപ്പിള്‍ ഐ.സി. പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്‍. വിജേഷ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!