തൃശൂര്‍: കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചേലക്കര കിള്ളിമംഗലത്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അടക്ക മൊത്ത വ്യാപാരിയായ അബാസിന്റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയത്. ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പോലീസീന് ലഭിച്ചു.