വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു; വെള്ളത്തില്‍ മുങ്ങിയത് മയക്കുവെടിയേറ്റ്

തിരുവനന്തപുരം: വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിയ കരടി, ഒരുമണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാ സേന എത്തി കരടിയെ വലയിലാക്കി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി.

ഇന്നു പുലര്‍ച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടില്‍ നിന്നു കോഴികളെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ടു കോഴിയെ കരടി പിടിച്ചു. മൂന്നാമതൊരു കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കിലേക്ക് കോഴി പറന്നു നിന്നു. ഇതിനിടെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കരടി കിണറ്റില്‍ വീണത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

50 മിനിറ്റിന് ശേഷമാണ് വെള്ളത്തില്‍ വീണ കരടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. 9.25 മണിയോടെ മയക്കുവെടിയേറ്റ കരടി ആഴമുള്ള കിണറില്‍ മുങ്ങിത്താഴുകയായിരുന്നു. വലയില്‍ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് കരടി വെള്ളത്തിലേക്ക് വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ ജോക്കബ് അലക്സാണ്ടര്‍ പറഞ്ഞു.

മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കം കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ. ജോക്കബ് അലക്സാണ്ടര്‍ പറയുന്നത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!