വയോജനങ്ങൾക്ക് ആശ്വാസമേകി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ വയോ ആശ്വാസ പദ്ധതി

വേങ്ങര : വയോ ആശ്വാസ പദ്ധതി എന്ന പേരിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വരുന്ന വയോജനങ്ങൾക്ക് വരുമാനം കണ്ടെത്താൻ സായംപ്രഭയുടെ പരിസരത്ത് പ്രത്യേക സജ്ജമാക്കിയ ഉന്തുവണ്ടി സ്റ്റാൾ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

രാവിലെ സായംപ്രഭയിൽ വരുമ്പോൾ വീട്ടിൽനിന്ന് മധുര പലഹാരങ്ങളോ, പച്ചക്കറിയോ, പായസം, കപ്പ, തേങ്ങ, പുഴമീൻ തുടങ്ങിയ വിവിധ സാധനങൾ കൊണ്ടുവന്ന് സ്റ്റാളിൽ പ്രദർശിപ്പിച്ച് സായംപ്രഭയിൽ വരുന്നവർക്കും മറ്റു പൊതുജനങ്ങൾക്കും വിൽപ്പന നടത്തി വരുമാനം കണ്ടെത്താനാണ് പദ്ധതി നടപ്പാക്കുന്നത്.

ആവശ്യക്കാർക്ക് ഓരോ ദിവസത്തെയും സ്റ്റാളിലെ സാധനങ്ങൾ മുൻകൂട്ടി അറിയാനായി തലേദിവസം തന്നെ സായംപ്രഭയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചാണ് പദ്ധതി ജനകീയമാക്കുന്നത്.

ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ സലീം അധ്യക്ഷത നിർവഹിച്ചു, വാർഡ് അംഗങ്ങളായ ചോലക്കൽ റഫീഖ് മൊയ്ദീൻ, എം.പി ഉണ്ണികൃഷ്ണൻ, സി.പി കാദർ, മജീദ് മടപള്ളി, യൂസുഫ് അലി വലിയോറ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുകുമാരി, കൃഷി ഓഫീസർ ജൈസൽ ബാബു, ഇബ്രാഹീം എന്നിവർ സംസാരിച്ചു.

error: Content is protected !!