കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നു രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ തോടത്ത് സാദിക്കില്‍ (40) നിന്നുമാണ് 1293 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സാദിക്ക് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്.

പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ സാദിക്കിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം സാദിക്കിന് പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

error: Content is protected !!