അഴിമതി രഹിതമായ ഭരണ സംവിധാനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കായിക വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. പൊന്നാനിയില്‍ നടന്ന കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ പട്ടിണി രഹിത സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കാനും ഈ സര്‍ക്കാറിന് സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അസി. കളക്ടര്‍ കെ. മീര, എ.ഡി.എം എന്‍.എം മെഹറലി, പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തില്‍ മേളയില്‍ മികച്ച സ്റ്റാളുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഉപഹാര സമര്‍പ്പണവും നടത്തി.
പൊന്നാനിയുടെ മണ്ണില്‍ ഏഴു ദിനം നീണ്ടുനിന്ന കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേള നിരവധി പേരാണ് സാക്ഷിയാകാന്‍ പൊന്നാനി എ.വി സ്‌കൂള്‍ മെതാനത്ത് എത്തിയത്.
മലപ്പുറത്തെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേളയ്ക്കാണ് പൊന്നാനി വേദിയായത്. 200 ലധികം സ്റ്റാളുകളും വ്യത്യസ്തമായ കലാപരിപാടികളും സെമിനാറുകളും മേളയുടെ മാറ്റ് വര്‍ധിപ്പിച്ചു. 42,000 ചതുരശ്ര അടിയില്‍ ശീതീകരിച്ച ജര്‍മ്മന്‍ ഹാംഗറില്‍ 66 സര്‍ക്കാര്‍ വകുപ്പുകളുടെ 108 തീം- സര്‍വീസ് സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 160 വിപണന യൂണിറ്റുകള്‍ എന്നിവയും മേളയുടെ ഭാഗമായി. കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേളയും നടന്നു. എഞ്ചിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തില്‍ ടെക്നോ ഡെമോ, സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ സ്പോര്‍ട്സ്- ചില്‍ഡ്രന്‍സ് സോണുകള്‍ എന്നിവയും കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം നല്‍കി.
സെല്‍ഫി ആരാധകരെ ഏറെ ആകര്‍ഷിച്ച ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ സ്പിന്‍ 360 ഡിഗ്രി വീഡിയോ ക്യാം ബൂത്ത്, ടൂറിസം വകുപ്പിന്റെ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതിയ സുരങ്കയും ഏലത്തോട്ടവും, സേവനങ്ങളും സമ്മാനങ്ങളുമായി വിവിധ വകുപ്പുകളും മേളയെ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു. പൊന്നാനിയിലെ അപ്പത്തരങ്ങളും അട്ടപ്പാടി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ടുകളായ വനസുന്ദരിയും സോലൈ മിലനും വിളമ്പിയ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, കാലിക പ്രസക്തമായ വിഷങ്ങള്‍ ചര്‍ച്ച ചെയ്ത സെമിനാറുകള്‍, പ്രമുഖ ബാന്‍ഡുകളുടെയും ഭിന്നശേഷിക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ കലാ പരിപാടികളും മേളയ്ക്ക് മാറ്റേകി.