Monday, September 15

ഹജ്ജ്: ഇന്ന് വനിത ഹജ്ജ് തീർത്ഥാടകരുടെ വിമാനം പറത്തിയതും നിയന്ത്രിച്ചതും വനിതകൾ

ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിന് സംസ്ഥാനത്തു നിന്നും വനിതാ യാത്രികർക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) മാത്രയായുള്ള ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല ഫ്ലാഗ് ഓഫ് ചെയ്തു. എയര്‍ ഇന്ത്യുയുടെ IX 3025 നമ്പര്‍ വിമാനമാണ് വനിതാ തീര്‍ത്ഥാടകരെയും വഹിച്ച് വ്യാഴാഴ്ച (ജൂണ്‍ 8) വൈകീട്ട് 6.45 ന് പുറപ്പെടുന്നത്. 145 വനിതാ തീര്‍ത്ഥാടകരാണ് സംഘത്തിലുള്ളത്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ (76 വയസ്സ്) തീര്‍ത്ഥാടകയായ കോഴിക്കോട് കാര്‍ത്തികപ്പള്ളി സുലൈഖയ്ക്ക് മന്ത്രി ബോര്‍ഡിങ് പാസ് നല്‍കി. സ്ത്രീ ശാക്തീകരണ രംഗത്തെ രാജ്യത്തെ മികച്ച കാല്‍വെപ്പാണ് വനിതാ തീര്‍ത്ഥാടകരെ മാത്രം വഹിച്ചുള്ള ഈ യാത്രയെന്ന് കേന്ദ്ര മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഹജ്ജ് വേളയില്‍ പ്രാര്‍ത്ഥിക്കണമെന്നും കേന്ദ്ര മന്ത്രി തീര്‍ത്ഥാടകരോട് ആവശ്യപ്പെട്ടു.
പൈലറ്റായ മെഹ്‍റ കനിക, കോ പൈലറ്റ് ഗരിമ പാസ്സി, കാബിന്‍ ക്രൂമാരായ എം.ബി ബിജിത, ദര്‍പണ റാണ, സുഷമ ശര്‍മ്മ, സുഭംഗി ബിശ്വാസ് തുടങ്ങി ഈ വിമാനത്തിലെ എല്ലാ ജീവനക്കാരും വനിതകളാണ്. കൂടാതെ വനിതാ തീര്‍ത്ഥാടകരെ സ്വീകരിച്ചതും വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്‍ഡിലിങ് ജോലികള്‍ നിര്‍വഹിച്ചതും വനിതാ ജീവനക്കാരായിരുന്നു.
സംസ്ഥാനത്തു നിന്നും ആകെ 16 വിമാനങ്ങളാണ് വനിതാ തീർഥാടകരുമായി മാത്രം ഹജ്ജിനായി യാത്ര തിരിക്കുന്നത്. കരിപ്പൂരിൽനിന്ന് 12, കണ്ണൂരിൽ നിന്ന് 3, കൊച്ചിയിൽ നിന്ന് ഒന്ന് വിമാനങ്ങളാണ് വനിതകൾക്കു മാതമായി ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇത്രയും വിമാനങ്ങൾ വനിതാ തീർഥാടകര്‍ക്ക് മാത്രമായി ഹജ്ജ് സർവീസ് നടത്തുന്നത്.
മെഹ്റം (ആൺതുണ) ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ സംസ്ഥാനത്തു നിന്ന് 2,733 തീർഥാടകരാണുള്ളത്. ഇതില്‍ 1718 പേര്‍ കരിപ്പൂരില്‍ നിന്നും 563 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നും 452 പേര്‍ കണ്ണൂരില്‍ നിന്നുമാണ് യാത്ര തിരിക്കുന്നത്.

വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എം.പി അബ്ദുസ്സമദ് സമാദാനി എം.പി, ടി.വി ഇബ്രാഹിം എം.എല്‍.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.ഫാത്തിമ സുഹറാബി എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ മുഹമ്മദ് യാക്കൂബ് ഷേഖ സ്വാഗതവും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!