കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടങ്ങിയ ഹജ്ജ് ക്യാമ്പിനോടാനുബന്ധിച്ച് ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ഹാജിമാർക്ക് ആശ്വാസമാകുന്നു. ഇതുവരെ അഞ്ഞൂറോളം പേർ ഇവിടെ ചികിത്സ തേടിയെത്തി. ഹജ്ജ് യാത്രവേളകളിൽ പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്കുള്ള മരുന്ന് കിറ്റ് ‘ഹജ്ജ് ഷിഫാ കിറ്റ്’ ഇവിടെ വിതരണം ചെയ്യുന്നുണ്ട്.
ജില്ലയിലെ മുഴുവൻ മെഡിക്കൽ ഓഫീസർമാരും പാരാ മെഡിക്കൽ സ്റ്റാഫും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും സേവനം നടത്തുന്നുണ്ട്. ഹജ്ജ് ക്യാമ്പിന്റെ അവസാന ദിവസം വരെ മെഡിക്കൽ ക്യാമ്പ് തുടരും.
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഹന്ന യാസ്മിൻ വയലിൽ, മെഡിക്കൽ ക്യാമ്പ് നോഡൽ ഓഫീസർ ഡോ. മുഹമ്മദ് മുനീർ, അസി. നോഡൽ ഓഫീസർമാരായ ഡോ. സുനന്ദകുമാർ, ഡോ. അൻവർ റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.