കൊടിഞ്ഞി: എം.എ ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ കെ.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും സ്റ്റേജ് ബ്‌ളോക്കിന്റെ ഉദ്ഘാടനവും സ്ഥാപനത്തില്‍ നിന്നും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിജയോത്സവവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടി രാവിലെ പത്ത് മണിക്ക് കെ.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തോടെ സമാരംഭം കുറിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും ദഫ് സംഘത്തിന്റെയും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്,ജെ.ആര്‍.സി,തഖ് വിയ, കബ്ബ്, ബുള്‍ ബുള്‍ തുടങ്ങി വിവിധ യൂണികളുടേയും അകമ്പടിയോടെ സ്വീകരിച്ചു. നിറപ്പകിട്ടാര്‍ന്ന ബലൂണുകളും പൂക്കളും മധുര പലഹാരങ്ങളും കൊണ്ട് നിറഞ്ഞ സ്വീകരണമാണ് സംഘടിപ്പിച്ചത്. പ്രവേശനോത്സവം പാണക്കാട് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പനക്കല്‍ മുജീബ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍സാഹിബ് ഹാജി ,പത്തൂര്‍ മൊയ്തീന്‍ ഹാജി ,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍ സ്വാഗതവും കെ.ജി എച്ച്.ഒ.ഡി ഹലീമത്ത് സഹദിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.
കെ.ജി വിദ്യാര്‍ത്ഥികളുടേയും മറ്റു ക്‌ളാസിലെ വിദ്യാര്‍ത്ഥികളുടേയും വിവിധ കലാ പ്രകടനങ്ങളും നടന്നു. ഉച്ചയ്ക്ക് ശേഷം പുതുതായി നിര്‍മ്മിച്ച സ്റ്റേജ് ബ്‌ളോക്കിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ശേഷം നടന്ന പൊതു സമ്മേളനവും വിജയോല്‍സവവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.ഇ.സി ഉപദേശകസമിതി ചെയര്‍മാന്‍ പി.സി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ് മുഖ്യാതിഥി ആയി. തിരൂരങ്ങാടി തഹസില്‍ദാര്‍ സാദിഖ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ആശംസ പ്രസംഗം നടത്തി. നെച്ചിക്കാട്ട് കോമുക്കുട്ടി ഹാജി, സയ്യിദ് ശാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ ഓലപ്പീടിക, പൂഴിത്തറ മമ്മുക്കുട്ടി ഹാജി, പഞ്ചായത്ത് മെമ്പര്‍ ഊര്‍പ്പായി സൈതലവി, പത്തൂര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ചുരുങ്ങിയ കാലയളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ട്രാക്റ്റര്‍ യാസര്‍ കെ.കെ ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കുന്ന മൊമന്റോയും സെക്രട്ടറി പദവി ഏറ്റെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് സ്ഥാപനത്തെ അഭൂതപൂര്‍വമായ രീതിയില്‍ നയിച്ചു കൊണ്ടിരിക്കുന്ന ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജിക്കും വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പരിശ്രമിച്ച പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍ക്കും പി.ടി.എ കമ്മിറ്റി നല്‍കുന്ന മൊമന്റോയും തങ്ങള്‍ കൈമാറി. സ്‌കൂള്‍ അധ്യാപകന്‍ സ്വാദിഖ് ഹുദവി കാലിഗ്രാഫിയില്‍ വരച്ചെടുത്ത തങ്ങളുടെ ഫോട്ടോ തങ്ങള്‍ക്ക് കൈമാറി.
ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്‌ളസ് നേടിയ 42 വിദ്യാര്‍ത്ഥികളേയും 9 എ പ്‌ളസ് നേടിയ വിദ്യാര്‍ത്ഥികളെയും മദ്‌റസ പൊതു പരീക്ഷയില്‍ ടോപ് പ്‌ളസ് നേടിയ 19 വിദ്യാര്‍ത്ഥികളേയും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കൊമേഴ്‌സ്,ഹുമാനിറ്റീസ് വിഭാഗത്തില്‍ ടോപ് സ്‌കോറര്‍ ആയ വിദ്യാര്‍ത്ഥികളേയും ജെ.ആര്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളേയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ അബ്ദു റബ്ബ്,എ.പി ഉണ്ണികൃഷ്ണന്‍,പി.വി കോമുക്കുട്ടി ഹാജി, പത്തൂര്‍ സാഹിബ് ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് പനക്കല്‍ മുജീബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി, പനമ്പിലായി സലാം സാഹിബ്, നൗഷാദ് നരിമടക്കല്‍ എന്നിവര്‍ സ്‌നേഹാദരങ്ങള്‍ നല്‍കി ആദരിച്ചു. സ്‌കൂള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയ പ്രകടനമാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി യിലും ഹയര്‍സെക്കന്‍ണ്ടറി പരീക്ഷയിലും മദ്‌റസ പൊതു പരീക്ഷയിലും സ്ഥാപനം നേടിയത്.
സംഗമത്തില്‍ കേരളത്തിലെ അറിയപ്പെട്ട കലാ സംഘം കൊണ്ടോട്ടിക്കാരന്‍ ബാപ്പുട്ടിയും കൂട്ടുകാരും അവതരിപ്പിച്ച അതി മനോഹരമായ മുട്ടിപ്പാട്ടും അരങ്ങേറി.പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി നിസാര്‍ മാസ്റ്റര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റഫീഖ് റഹ്‌മാനി എന്നിവര്‍ നേതൃത്വം നല്‍കി.