യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി പോലീസ്

വിഴിഞ്ഞം : തെന്നൂര്‍കോണം ഞാറവിളയില്‍ യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കരയടിവിള പിറവിലാകം വീട്ടില്‍ കൊഞ്ചല്‍ എന്ന് വിളിക്കുന്ന ജിതിന്‍ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടില്‍ ഇമ്മാനുവേല്‍ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിതോട്ടം വീട്ടില്‍ ഫെലിക്സണ്‍ (25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ നടന്ന സംഭവത്തില്‍ വി രാഖിയുടെ മാലയാണ് വീടിനു സമീപം വെച്ച് പ്രതികള്‍ പൊട്ടിച്ചുകടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാന്‍ വീടിന് സമീപത്തെ ഇടവഴിയിലൂടെ യുവതി നടക്കവേ പിറകിലൂടെ നടന്നെത്തിയാണ് ജിതിന്‍ മാല പൊട്ടിച്ചത്.

പരാതി ലഭിച്ചതോടെ സംഭവസ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ഈ യുവതിയെ അറിയാവുന്ന വ്യക്തികളുടെ ലിസ്റ്റ് എടുത്തു. ഇതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ജിതിന്‍ ഉള്‍പ്പെട്ടതോടെ സംശയമായി. പ്രതിയുടെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും എത്തിയില്ല. തുടര്‍ന്ന് പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സംശയം കൂടി. പ്രതിയുടെ വീടും പരിസരവും അന്വേഷിച്ചപ്പോള്‍ ഉച്ചവരെ സ്ഥലത്തുണ്ടായിരുന്നതായി വിവരം കിട്ടി. വൈകിട്ട് നാലോയുടെ പ്രതിയുടെ ഗര്‍ഭിണിയായ ഭാര്യ വീടുപോലും പൂട്ടാതെ ബാഗുമായി സ്ഥലം വിട്ടെന്നറിഞ്ഞ പോലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പ്രതിയും മറ്റ് രണ്ടുപേരുമായി ഹരിപ്പാട് എത്തിയതായി വിവരം ലഭിച്ചു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച ഓട്ടോ വര്‍ക്കലയില്‍ ഉള്ളതായി കണ്ടെത്തി. വിഴിഞ്ഞം പൊലീസ് ഇവിടെ എത്തി നടത്തിയ പരിശോധനയിലാണ് റിസോര്‍ട്ടില്‍ നിന്നും പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും നാലരപ്പവന്റെ മാല കണ്ടെടുത്തു.മാലയിലെ ലോക്കറ്റ് പാരിപ്പള്ളിയിലെ ഒരു കടയില്‍ വിറ്റതായി പ്രതി പറഞ്ഞു. പ്രതിയുമായി സ്ഥലത്തെത്തി ലോക്കറ്റ് കണ്ടെടുക്കുമെന്ന് എസ്. ഐ കെ. എല്‍ സമ്പത്ത് പറഞ്ഞു.

വിഴിഞ്ഞം സി. ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ. എല്‍. സമ്പത്ത്, ജി.വിനോദ്, പ്രസാദ്, എസ്. സി. പി. ഒ ഷൈന്‍ രാജ്, അരുണ്‍. പി. മണി, രാമു. പി. വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!