Monday, August 25

ഈ ഓട്ടോകൾ ഇനി അവർക്ക് അതിജീവനത്തിന്റെ സ്‌നേഹയാനം

സെറിബ്രൽപാർസി, ഓട്ടിസം, മൾട്ടിപ്പിൾഡിസിബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നിവയുമായി പിറന്നുവീണ കുട്ടികളുടെ അമ്മമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ ‘സ്‌നേഹയാനം’ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ഇനി മലപ്പുറം ജില്ലയിൽ ഓടും. ജീവിതയാത്രയിൽ ഭിന്നശേഷിയുള്ള കുട്ടികളുമായി ജീവിതം ഒറ്റക്ക് പുലർത്തേണ്ട പ്രസീത, നസ്രിയ, റഹ്‌മത്ത് എന്നിവരാണ് ഈ സ്‌നേഹയാന ഓട്ടോകൾ ഇനി ഓടിക്കുക. ഓട്ടിസം, സെറിബ്രൽ പാർസി, ബുദ്ധിപരമായ വെല്ലുവിളികൾ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച കുഞ്ഞുങ്ങളും കൂടാതെ വിധവകളുമായ അമ്മമാർക്ക് ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ‘സ്‌നേഹയാനം’. പദ്ധതിയിൽ ആദ്യമായാണ് മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ജില്ലയിൽ ഒരുമിച്ച് കൈമാറുന്നത്.
3.7 ലക്ഷം രൂപ വീതം വിലയുള്ള മൂന്ന് ഇലക്ട്രിക് ഓട്ടോകളാണ് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിർ ഇബ്രാഹിം എന്നിവർ താക്കോൽ നൽകി കൈമാറി.
ഓട്ടോയിലെ ആദ്യ യാത്രക്കാരും ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായിരുന്നു. സെറിബ്രൾ പാർസി ബാധിച്ച ഫിദയുടെ മാതാവ് നസ്രിയ ചോക്കാട് ബഡ്‌സ് സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുള്ള ട്രിപ്പുകളും ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് കെ.എൽ 71 കെ 9132 എന്ന ഓട്ടോ സ്വീകരിച്ചത്.
മെന്റൽ റിട്ടാർഡേഷൻ ബാധിച്ച റെജീനയുടെ മാതാവ് റഹ്‌മത്ത് നിറമരുതൂരിൽ ആയിരിക്കും ഇനി കെ.എൽ 55 എ എച്ച് 0205 ഇലക്ട്രിക് ഓട്ടോ ഓടിക്കുക.
സെറിബ്രൽ പാർസി ബാധിച്ച നിതിൻ രാജിന്റെ അമ്മ പ്രസീത ഡ്രൈവിംഗ് സ്‌കൂൾ ജോലിക്കൊപ്പം രാമനാട്ടുകര പുതുക്കോട് ഇനി കെ.എൽ 84 ബി 6039 ഓട്ടോയും ഓടിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹയാനം പദ്ധതിയിലേക്ക് മൂന്ന് പേരെയും തിരഞ്ഞെടുത്തത് ജില്ലാ കളക്ടർ ചെയർപേഴ്‌സണായ നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മറ്റിയാണ്. ബഡ്‌സ് സ്‌കൂളുകൾ, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ തുടർ സഹകരണം സ്‌നേഹയാനം ഓട്ടോകൾക്ക് ജില്ലാ കളക്ടർ ഉറപ്പുവരുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ട്രെയിനി അസിസ്റ്റന്റ് കലക്ടർ സുമിത്ത് കുമാർ താക്കൂർ, എൽ.എൽ.സി പ്രതിനിധി അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ നാസർ, സിനിൽദാസ്, സീനിയർസൂപ്രണ്ട് സതീദേവി, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!