കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഓഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അസഫാക് ആലമിനെ (28) യാണ് എറണാകുളം പോക്‌സോ കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് നല്‍കിയ അപേക്ഷയിലാണ് നടപടി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ഓഗഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ആലുവ തായിക്കാട്ടുകരയില്‍ നിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ശനിയാഴ്ച രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലല്‍ കണ്ടെത്തിയത്.
പോക്‌സോ നിയമത്തിലെ 4 വകുപ്പുകള്‍ക്കു പുറമേ ഉപദ്രവിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ലൈംഗികമായി ഉപദ്രവിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്..
അതേസമയം അസ്ഫാഖിന് ക്രിമിനല്‍ പശ്ചാത്തലമെന്ന് അന്വേഷണ സംഘം. അസ്ഫാഖിനെതിരെ നേരത്തെ ഡല്‍ഹി ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. 2018ല്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഗാസിപുര്‍ പൊലീസാണ് അസ്ഫാഖിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം ജയിലില്‍ കിടന്ന അസ്ഫാഖ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.