ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; മുസ്ലിംലീഗ് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കമ്പനിയുടെ എം ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദന്റെ റിപ്പോര്‍ട്ടിലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസില്‍ ബഡ്സ് നിയമം -2019 ലെ ഏഴാം വകുപ്പില്‍ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നത്.

പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഫാഷന്‍ ഓര്‍ണമെന്‍സ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ 10 കോടി രൂപയുടെ ഒരേക്കര്‍ ഭൂമി, കാസര്‍കോട് ടൗണ്‍ പതിനൊന്നാം വാര്‍ഡില്‍ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കു വേണ്ടി എം സി ഖമറുദ്ദീന്റെയും പൂക്കോയതങ്ങളുടെയും പേരില്‍ വാങ്ങിച്ച അഞ്ചുകോടി രൂപയുള്ള നാല് കടമുറി, ടികെ പൂക്കോയ തങ്ങളുടെ പേരിലുളള മാണിയാട്ടെ സ്ഥലം, എം സി കമറുദ്ദീന്റെ പേരില്‍ ഉദിനൂരിലുള്ള 17 സെന്റ് സ്ഥലം, എം.സി.കമറുദ്ദീന്റെ ഭാര്യയുടെ പേരിലുളള 23 സെന്റ് സ്ഥലം എന്നിവ കണ്ടു കെട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

നേരത്തെ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. വീടുകള്‍ക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ ആകെ 800 പേരില്‍ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റര്‍ ചെയ്തത്.

ഫാഷന്‍ ഗോള്‍ഡ് അടച്ചുപൂട്ടിയശേഷം നിക്ഷേപകര്‍ പരാതിയുമായെത്തിയതോടെ ഈ വസ്തുക്കള്‍ നിയമവിരുദ്ധമായി പലരുടെയും പേരിലേക്ക് കൈമാറ്റംചെയ്തതായി അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. നാല് ജ്വല്ലറികളുടെപേരില്‍ എഴുനൂറിലധികം പേരില്‍നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. 168 പേരാണ് പരാതി നല്‍കിയത്. ഇവര്‍ക്ക് 26.15 കോടി നല്‍കാനുണ്ടെന്നാണ് കണക്ക്.

error: Content is protected !!