സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം: നന്നമ്പ്ര മണ്ഡലം കോൺഗ്രസ് നിയുക്ത പ്രസിഡണ്ട് നിയമ നടപടിക്ക്

തിരൂരങ്ങാടി: സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തിയ രണ്ടുപേർക്കെതിരെ നടപടി ആവശ്യപ്പെട്ട് നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിയുക്ത പ്രസിഡൻറ് ലത്തീഫ് കൊടിഞ്ഞി നിയമനടപടി സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരുടെ പുനഃസംഘടനയിൽ പുതിയ പ്രസിഡണ്ടായി കെപിസിസി നിയമിച്ച ലത്തീഫ് കൊടിഞ്ഞിക്കെതിരെ എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് വാട്സപ്പ് ഗ്രൂപ്പിലും ഐ വൈ സി മലപ്പുറം ഗ്രൂപ്പിലും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പോസ്റ്റിട്ടവർക്കെതിരെയാണ് നിയുക്ത പ്രസിഡൻറ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്. സംഭവം അന്വേഷിക്കാൻ സി.ഐ ശ്രീനിവാസൻ നിർദ്ദേശം നൽകി. പോസ്റ്റിട്ട രണ്ടുപേരോടും പോലീസ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എടരിക്കോട് ചുടലപറമ്പ് സ്വദേശി റാഷിദിനോടും കൊണ്ടോട്ടി പുളിക്കൽ സ്വദേശി മിർഷാദിനോടുമാണ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജറാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനവുമായി ഉണ്ടായിട്ടുള്ള തർക്കത്തിൽ ചിലർ സംഘടിതമായി സോഷ്യൽ മീഡിയയിലൂടെയും മറ്റും നേതാക്കൾക്കും പുതിയ പ്രസിഡൻ്റുമാർക്കുമെതിരെ വളരെ മോശമായി രീതിയിലാണ് പ്രചരണം നടത്തുന്നത്. വ്യക്തിഹത്യ ചെയ്യുന്ന പ്രചരണം ചില ഗ്രൂപ്പ് നേതാക്കളുടെ നിർദ്ദേശപ്രകാരമാണെന്നാണ് ആരോപണം. ലത്തീഫ് കൊടിഞ്ഞിയുടെ പരാതിയിൽമേൽ നിയമനടപടി ആരംഭിച്ചതോടെ ചില കോൺഗ്രസ് നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ട് ഒത്തുതീർപ്പ് ഉണ്ടാക്കാനും അണിയറയിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്.

എ വിഭാഗത്തിന്റെ കൈവശമായിരുന്നു ഇക്കാലം വരെ നന്നംബ്ര മണ്ഡലം പ്രസിഡന്റ് സ്ഥാനം. മണ്ഡലം പ്രസിഡന്റ് ആയിരുന്ന എൻ. വി. മൂസക്കുട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയതിനെ തുടർന്ന് ഒന്നര വർഷം മുമ്പ് മാറ്റി, പകരം ഷാഫി പൂക്കയിലിന് ചുമതല നൽകുകയായിരുന്നു. ഐ ഗ്രൂപ്പുകരനായിരുന്ന ഇദ്ദേഹം പിന്നീട് എ ഗ്രൂപ്പിൽ എത്തിയതായിരുന്നു. ഇദ്ദേഹം ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് വിഭാഗക്കാരൻ ആണ്. അതേ സമയം മുൻ മണ്ഡലം പ്രസിഡന്റ് മൂസക്കുട്ടി ഉൾപ്പെടെയുള്ള എ വിഭാഗക്കാരിൽ ബഹു ഭൂരിഭാഗവും വി.എസ്.ജോയ് പക്ഷത്തേക്ക് മാറിയിട്ടുണ്ട്. പുനഃസംഘടന യിൽ ഷാഫി തന്നെ തുടരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായാണ് ഐ ഗ്രൂപ്പിനൊപ്പം നിൽക്കുന്ന ലത്തീഫ് കൊടിഞ്ഞിക്ക് സ്ഥാനം ലഭിച്ചത്. നന്നമ്പ്ര മണ്ഡലം വേണമെന്ന് ഐ ഗ്രൂപ്പ് നിർബന്ധം പറഞ്ഞതിനെ തുടർന്നാണ് അവർക്ക് നൽകിയത് എന്നാണ് അറിയുന്നത്. കോണ്ഗ്രസിന്റെ അധ്യാപക സംഘടനയായ കെ പി എസ് ടി എ യുടെ സജീവ പ്രവർത്തകൻ കൂടിയാണ് ലത്തീഫ് കൊടിഞ്ഞി.

error: Content is protected !!