
വേങ്ങര : കണ്ണമംഗലത്ത് ക്വാറിക്കാരിൽ നിന്നും മർദനമേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രൻ മുഹമ്മദ് ഹാജിയുടെ മകൻ ലിറാർ (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ലിററും മറ്റു 2 കൂട്ടുകാരും ചേർന്നു കിട്ടാനുള്ള പണം വാങ്ങാൻ പോയിരുന്നത്രെ. എന്നാൽ ഉടമ ഇല്ലാത്തതിനാൽ തിരിച്ചു പോന്നു. പേരണ്ടമ്മൽ അമ്പലത്തിന് സമീപം നിൽക്കുമ്പോൾ ഏതാനും വണ്ടികളിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു എന്നു ലിററിനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. നിലത്തു വീണ ലിററിനെ ചവിട്ടിയതായും ഇവർ പറഞ്ഞു. തുടർന്ന് സംഘം രക്ഷപ്പെട്ടു. വണ്ടിയിൽ കുന്നുംപുറം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വേങ്ങര പോലീസ് കേസ് എടുത്തു. ലിരർ ക്വാറിക്ക് സ്ഥലം എടുത്തു നല്കുന്നയാളാണെന്ന് സൂചനയുണ്ട്. അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.