കൊച്ചി : കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്, വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്‌ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസ്. എറണാകുള റൂറല്‍ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് മറുനാടന്‍ മലയാളി യൂടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസും കേസെടുത്തു. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജന്‍ സ്‌കറിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കേസ്. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് അനില്‍ ആന്റണിക്കെതിരെ കേസെടുത്തത്. കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനില്‍ ആന്റണിയെ കൂടി പ്രതി ചേര്‍ക്കുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത കോളേജ് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്.