കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാമ്പസ് ഹരിതാഭവും മാലിന്യരഹിതവുമാക്കാന്‍
പ്രതിജ്ഞയെടുത്ത് സര്‍വകലാശാലാ സമൂഹം

കാമ്പസ് മാലിന്യരഹിതവും ഹരിതാഭവുമാക്കാന്‍ പ്രതിജ്ഞയെടുത്ത് കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം. കേരളപ്പിറവി ദിനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ കാമ്പസിനായി പ്രതിജ്ഞയെടുത്തത്. സര്‍വകലാശാലാ കാമ്പസിനകത്തും പാതയോരങ്ങളിലും തള്ളിയ മാലിന്യം നീക്കം ചെയ്യാനും സമ്പൂര്‍ണമാലിന്യ മുക്തമാക്കാനും രണ്ടാഴ്ചയായി തീവ്രയത്നം നടത്തിയത് കാമ്പസ് ഹൗസ് കീപ്പിങ് വിഭാഗത്തിലെയും എസ്റ്റേറ്റ് വിഭാഗത്തിലെയും താത്കാലിക ജീവനക്കാരാണ്. ഖരമാലിന്യങ്ങള്‍ തരം തിരിച്ച് ചാക്കിലാക്കിയും ജൈവമാലിന്യങ്ങള്‍ കുഴിച്ചിട്ടും രണ്ടാഴ്ചയായി ഇവര്‍ മാലിന്യമുക്ത കാമ്പസിനായി പ്രയത്നത്തിലായിരുന്നു. കോഹിനൂര്‍ മൈതാനത്തിന് സമീപം മാലിന്യം തള്ളാനെന്ന പേരില്‍ കെട്ടിയുണ്ടാക്കിയ ടാങ്ക് പൊളിച്ചു നീക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്-ഖരമാലിന്യങ്ങളെല്ലാം ഹരിതകര്‍മസേനക്ക് കൈമാറും. ക്വാര്‍ട്ടേഴ്സുകളിലും അധ്യാപകരുടെ ഫ്ളാറ്റിലുമെല്ലാമുള്ള മാലിന്യവും ഹരിതകര്‍മസേന വഴി തന്നെയാകും നീക്കുക. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറത്ത് നിന്നും വാഹനങ്ങളിലെത്തിച്ച് കാമ്പസിനകത്തും പാതയോരങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. ഇത് കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. അതിരുകള്‍ വേലികെട്ടി സംരക്ഷിക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരായി നിയോഗിക്കാനും പദ്ധതിയുണ്ട്. മാലിന്യമുക്ത പദ്ധതി പ്രഖ്യാപനവും പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന്‍, സെനറ്റംഗങ്ങളായ ഡോ. ഹരികുമാരന്‍ തമ്പി, വി.എസ്. നിഖില്‍, പഠനവകുപ്പ് യൂണിയന്‍ ചെയര്‍മാന്‍ ജോബിഷ്, ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ കാമ്പസ് പദ്ധതി പ്രഖ്യാപനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു.     പി.ആര്‍. 1426/2023

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്നു

ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍വകലാശാലാ താരങ്ങളെയും പൂര്‍വവിദ്യാര്‍ത്ഥികളായ താരങ്ങളെയും കാലിക്കറ്റ് സര്‍വകലാശാല ആദരിക്കുന്നു. നവംബര്‍ 10-ന് നടക്കുന്ന സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷനിലാണ് ആദരം. നിലവില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളായ സ്വര്‍ണമെഡല്‍ ജേതാവ് മിന്നുമണി (വനിതാ ക്രിക്കറ്റ്), വെള്ളിമെഡല്‍ നേടിയ ആന്‍സി സോജന്‍ (വനിതാ ലോംഗ്ജംപ്), കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ത്ഥികളും സ്വര്‍ണ മെഡല്‍ നേടിയ റിലേ ടീം അംഗങ്ങളുമായ മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, വെള്ളിമെഡല്‍ നേടിയ ശ്രീശങ്കര്‍ (പുരുഷ ലോംഗ്ജംപ്) എന്നിവരാണ് ആദരം ഏറ്റുവാങ്ങുന്നത്. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10.30-ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു. ഷറഫലി, ഏഷ്യന്‍ ഗെയിംസ് ഡെപ്യൂട്ടി ചീഫ് ഒളിമ്പ്യന്‍ രാമചന്ദ്രന്‍, വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.     പി.ആര്‍. 1427/2023

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കായിക മത്സരം
കാലിക്കറ്റ് ആതിഥ്യമരുളും

2023-24 അദ്ധ്യയന വര്‍ഷത്തെ, 5 ഇനങ്ങളില്‍ അന്തര്‍ സര്‍വകലാശാലാ തലത്തിലും ദക്ഷിണമേഖലാ തലത്തിലുമുള്ള കായിക മത്സരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ വേദിയാകും. വനിതാ അത്‌ലറ്റിക്‌സ് (ദക്ഷിണ മേഖല, അഖിലേന്ത്യാ), വനിതാ ഫുട്‌ബോള്‍, പുരുഷ ഖോഖോ, പുരുഷ ബെസ്റ്റ് ഫിസിക് എന്നീ ഇനങ്ങളാണ് കാലിക്കറ്റില്‍ നടക്കുന്നത്. മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.     പി.ആര്‍. 1428/2023

സര്‍വകലാശാലാ പഠനവകുപ്പ് യൂണിയന്‍ അധികാരമേറ്റു

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. സി. ഷിബി അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഡി.എസ്.യു. ജനറല്‍ സെക്രട്ടറി പി.എന്‍. മുഹമ്മദ് നിയാസ്, ജോ. സെക്രട്ടറി എ.പി. ഷീജ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് യൂണിയന്‍ ചെയര്‍മാന്‍ ജോബിഷിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.     പി.ആര്‍. 1429/2023

കേരളപ്പിറവി ദിനവും ഭാഷദിനവും ആഘോഷിച്ചു

ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍, ഫോറം ഫോര്‍ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് സ്റ്റുഡന്റസിന്റെ ആഭിമുഖ്യത്തില്‍ ‘അ മുതല്‍ റ വരെ’ എന്ന പേരില്‍ കേരളപ്പിറവി ദിനവും ഭാഷാദിനവും ആഘോഷിച്ചു. സെനറ്റ് അംഗം ഡോ. കെ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലാ ലൈബ്രറി സയന്‍സ് പഠനവകുപ്പു മേധാവി ഡോ. അബ്ദുള്‍ മജീദ്, യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഡോ. അബ്ദുള്‍ അസീസ്, മലയാളം പഠനവിഭാഗം പ്രൊഫസര്‍ ഡോ. എം.ബി. മനോജ്, പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.     പി.ആര്‍. 1430/2023

ബിരുദപഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി 2020-ല്‍ എം.എ. അറബിക്, എക്കണോമിക്‌സ്, ഹിസ്റ്ററി, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, സോഷ്യോളജി, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം.താല്‍പര്യമുള്ളവര്‍ നവംബര്‍ 8-നകം എസ്.ഡി.ഇ.-യില്‍ നേരിട്ടെത്തി പുനഃപ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494  2407356, 2407494.      പി.ആര്‍. 1431/2023

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.ടി.എം., ബി.ടി.എഫ്.പി., ബി.എ. അഫ്‌സലുല്‍ ഉലമ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ അപേക്ഷിക്കാം.     പി.ആര്‍. 1432/2023

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 2, 3 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 6 മുതല്‍ 8 വരെ വളാഞ്ചേരി എം.ഇ.എസ്. കോളേജില്‍ നടക്കും.      പി.ആര്‍. 1433/2023

ഭരണ ഭാഷാ പ്രതിജ്ഞ

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.     പി.ആര്‍. 1434/2023

error: Content is protected !!